kerala-by-election

പത്തനംതിട്ട: യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ കോന്നിയിൽ അട്ടിമറി വിജയമാണ് ഇടത് മുന്നണി നേടിയത്. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറിന്റെ ഉജ്വല വിജയം. 23 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോന്നിയിൽ ഇടത് മുന്നണി വിജയക്കൊടി പാറിച്ചത്. ആധികാരികവും സമഗ്രവുമായ ജയം. അടൂർ പ്രകാശ് തുടർച്ചയായി ജയിക്കുകയും 2016ൽ 20,748 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്ത മണ്ഡലത്തിലാണ് ജനീഷിന്റെ ചരിത്രനേട്ടം.

അതേസമയം, വിജയപ്രതീക്ഷയുമായി കളത്തിലിറങ്ങിയ കോൺഗ്രസിനും ബി.ജെ.പിക്കും തിരിച്ചടിയേറ്റു എന്നതും ശ്രദ്ധേയം. എന്നാൽ, 2016ലേതിനേക്കൾ വലിയ തോതിൽ വോട്ടുയർത്താനായി എന്നത് ബി.ജെ.പിക്ക് ആശ്വാസമാണ്. അതിൽപരം എൽ.ഡി.എഫിന് വൻ സ്വാധീനമുള്ള സ്ഥലങ്ങളിൽ സുരേന്ദ്രൻ കൂടുതൽ വോട്ടുകൾ നേടിയിട്ടുണ്ട്. ഇതാകട്ടെ യു.ഡി.എഫിനും തിരിച്ചടിയായി. സുരേന്ദ്രൻ 41 ബൂത്തുകളിൽ ഒന്നമതാണ്. 54 ബൂത്തുകളിലാകട്ടെ രണ്ടാമതും എത്തി. തോൽവി ഏറ്റുവാങ്ങിയെങ്കിലും കോന്നിയിൽ ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നതാണ്. അതിലൊന്ന് കോന്നിയിലെ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും ചില കോട്ടകളിലെങ്കിലും കെ.സുരേന്ദ്രന് വിളളലുണ്ടാക്കാനായി എന്നതാണ്.

kerala-by-election

കോന്നിയിലെ മൂന്ന് പഞ്ചായത്തുകളിലും ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒന്നാമത് എത്തി എന്നത് ബി.ജെ.പിക്ക് അഭിമാന നേട്ടമാണ്. കലഞ്ഞൂർ, ഏനാദിമംഗലം, മലയാലപ്പുഴ എന്നീ പഞ്ചായത്തുകളാണ് സുരേന്ദ്രനെ മുന്നിലെത്തിച്ചത്. ഈ മൂന്ന് പഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏനാദിമംഗലത്ത് എൽ.ഡി.എഫിന് 540 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ പഞ്ചായത്ത് കൂടിയാണ് ഏനാദിമംഗലം.

മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഇടതുപക്ഷത്തെ പ്രമുഖർ എത്തി പൊതുസമ്മേളനം അടക്കം നടത്തിയ പഞ്ചായത്ത് കൂടിയാണ് ബി.ജെ.പിയെ മുന്നിൽ എത്തിച്ച ഏനാദി മംഗലം. അതേസമയം ചിറ്റാർ സീതത്തോട് അടക്കം ഇടത് ശക്തികേന്ദ്രങ്ങളിൽ സുരേന്ദ്രൻ പച്ചപിടിക്കാനായില്ലെന്നത് സി.പി.എമ്മിന് ആശ്വസിക്കാം.

kerala-by-election

കോന്നിയിലെ ആകെ 212 ബൂത്തുകളിൽ ഏനാദിമംഗലം പഞ്ചായത്തിലെ 147 മുതൽ 154വരെ ബൂത്തുകൾ(റൗണ്ടുകൾ). എൽ.ഡി.എഫ്. ലീഡ് 6425. കലഞ്ഞൂർ പഞ്ചായത്തിലെ 169 മുതൽ 182 വരെ-എൽ.ഡി.എഫ്. ലീഡ് 8904. കലഞ്ഞൂർ പഞ്ചായത്തിലെ 183 മുതൽ 193 വരെയും അരുവാപ്പുലം പഞ്ചായത്തിലെ 194 മുതൽ 196 വരെ-എൽ.ഡി.എഫ്. ലീഡ് 9552. മലയാലപ്പുഴയിലെ 15 മുതൽ 25 വയെും തണ്ണിത്തോട് പഞ്ചായത്തിലെ 26 മുതൽ 28 വരെയും ബൂത്തുകൾ-ജനീഷിന്റെ ലീഡ് 343. ചിറ്റാറിലെ 43 മുതൽ 51 വരെയും സീതത്തോട്ടിലെ 52 മുതൽ 56 വരെയും-എൽ.ഡി.എഫ്. ലീഡ് 2347. സീതത്തോട്ടിലെ 57 മുതൽ 66 വരെയും 67 മുതൽ 70 വരെയും ബൂത്തുകൾ എൽ.ഡി.എഫ്-ലീഡ് 4851 ആണ്.

kerala-by-election

കോന്നിയിൽ എൽ.ഡി.എഫ് 54099 വോട്ടുകളും യു.ഡി.എഫ് 44146 വോട്ടുകളും ബി.ജെ.പി 39786 വോട്ടുകളും സ്വന്തമാക്കി. കോന്നിയിൽ ബി.ജെ.പിക്ക് 23,000 വോട്ടുകൾ കൂടി എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. എന്നാൽ, ഒരു വശത്ത് കോൺഗ്രസിൽ പരസ്പരം പഴിചാരലുകളാണ്. ജില്ലാക്കമ്മിറ്റിക്കുനേരെ അടൂർ പ്രകാശ് എം.പി വിമർശനമുന്നയിച്ചപ്പോൾ ജില്ലാക്കമ്മിറ്റിക്ക് വീഴ്ചപറ്റിയിട്ടില്ല എന്നായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.

2016ൽ കോന്നിയിൽ ബി.ജെ.പി നേടിയത് 16,713 വോട്ടുകൾ ആയിരുന്നു. ഇക്കുറി 23,000ലധികം വോട്ടിന്റെ വർദ്ധനവാണ് കോന്നിയിൽ ബി.ജെ.പിക്കുണ്ടായിരിക്കുന്നത്. ആഞ്ഞ് പിടിച്ചാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി തങ്ങളുടെ കയ്യിലിരിക്കും എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.