jolly-koodathayi

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ചുരുളുകൾ ഒരോന്നായി പൊലീസ് അഴിച്ച് കൊണ്ടിരിക്കുകയാണ്. താൻ പിടിക്കപ്പെടുമെന്ന് മുഖ്യപ്രതി ജോളി സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. അത്രത്തോളം തിരക്കഥയെഴുതി നടപ്പിലാക്കിയതായിരുന്നു ഓരോ കൊലപാതകവും.

എത്രയൊക്കെ പഴുതടച്ച് കൊലപാതകം നടത്തിയാലും ഏതൊരു കുറ്റകൃത്യത്തിലും ഒരു കുഞ്ഞുതെളിവെങ്കിലും മറഞ്ഞ് കിടക്കുന്നുണ്ടാകും. അത് തന്നെയാണ് കൂടത്തായി കേസിലും സംഭവിച്ചത്. രണ്ടുമാസത്തോളം വേഷപ്രച്ഛന്നരായും വടക്കൻ ഭാഷ വിദഗ്ദമായി കൈകാര്യം ചെയ്തുമൊക്കെയാണ് തെളിവുകൾ തേടി ഉദ്യോഗസ്ഥർ നടന്നത്.

എൻ.ഐ.ടിയിലും ജോളിയുടെ ജന്മനാടായ കട്ടപ്പനയിലുമൊക്കെ വേഷം മാറി ഉദ്യോഗസ്ഥർ എത്തി. കുഞ്ഞുകാര്യങ്ങൾ പോലും അവർ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു. കസ്റ്റഡിയിലെടുത്ത ശേഷം ജോളിയിറക്കിയ പല അടവുകളെയും മുളയിലെ നുള്ളാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചത് ഇതേ നിരീക്ഷണം കൊണ്ടാണ്.

പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകണമെങ്കിൽ ചാച്ചനോട് അനുവാദം വാങ്ങണമെന്ന് പറഞ്ഞ് പൊലീസുകാരുടെ അടുത്ത് നിന്ന് ജോളി വേറെയാളെ ഫോൺ ചെയ്തത് പൊളിച്ചടക്കാൻ പൊലീസിന് സാധിച്ചത് ഇതേ നിരീക്ഷണം കൊണ്ടാണ്. വിളിച്ചത് ചാച്ചനെയല്ലെന്നും,​ അദ്ദേഹം സംസാരിക്കുന്ന രീതി ഇങ്ങനെയല്ലെന്നും പൊലീസുകാർ കണ്ടെത്തിയത് ഒരുപക്ഷേ ജോളിയെപ്പോലും അദ്ഭുതപ്പെടുത്തിക്കാണും. അത്രത്തോളം സൂക്ഷ്മമായാണ് ഉദ്യോഗസ്ഥർ കേസ് കൈകാര്യം ചെയ്തത്.

അസ്വഭാവികത ഇല്ലെന്ന് പറഞ്ഞ് തള്ളിയ കേസ് കൊലപാതക കേസായി മാറിയതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്. ഇതിലാണ് എൻ.ഐ.ടി ഉദ്യോഗസ്ഥയല്ലയെന്നുൾപ്പെടെയുള്ള കള്ളികൾ വെളിച്ചത്ത് വന്നത്. തുടർന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ റിപ്പോർട്ടാക്കി എസ്.പി.കെ.ജി സൈമണ് സമർപ്പിച്ചു.