രാജ്യത്ത് ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡിസ് ബെൻസ് ഒറ്റ ദിവസം കൊണ്ട് വിറ്റഴിച്ചത് 600 കാറുകളാണ്. രാജ്യത്തെ സാമ്പത്തിക മേഖലയിൽ അനുഭവപ്പെടുന്ന മാന്ദ്യം ആഡംബരവാഹന വിപണിയെ ബാധിച്ചിട്ടില്ല എന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ. 'ധൻതെരാസ്' ദിനമായ വെള്ളിയാഴ്ചയാണ് കമ്പനി ഇത്രയും വാഹനങ്ങളുടെ ഡെലിവറി നടത്തിയത്. ദീപാവലിക്ക് മൂന്ന് ദിവസം മുൻപുള്ള 'ധൻതെരാസ്' ദിനം വാഹനം, സ്വർണം, വെള്ളി തുടങ്ങിയവ വാങ്ങുന്നതിന് അത്യുത്തമം എന്നാണ് കരുതപ്പെടുന്നത്.
അതിനാലാകാം രാജ്യത്തെ ധനികരുടെ പ്രിയ വാഹനമായ മെഴ്‌സിഡിസ് ബെൻസിന് ഈ ദിവസം തന്നെ ഇത്രയും വിറ്റുവരവ് സൃഷ്ടിക്കാൻ സാധിച്ചത്. ഡൽഹി, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ്, എന്നീ എൻ.സി.ആർ(ദേശീയ തലസ്ഥാന പ്രദേശം) മേഖലകളിലാണ് വാഹനങ്ങൾ ഏറ്റവുമധികം വിറ്റുപോയത്. ഏകദേശം 250 കാറുകളാണ് ഈ പ്രദേശത്ത് മാത്രം വിറ്റഴിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഏകദേശം 200 കാറുകളും മെഴ്‌സിഡൻസ് ബെൻസ് വിറ്റിട്ടുണ്ട്. അതേസമയം തന്നെ ബെൻസിന്റെ എസ്.യു.വി മോഡലായ ജി.എൽ.ഇയുടെ ഏറ്റവും പുതിയ പതിപ്പിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ജി.എൽ.ഇ എസ്.യു.വി വാഹനങ്ങൾ ഇന്ത്യയിൽ ഏറെ വിജയമായിരുന്നു. 2020ലാണ് ജി.എൽ.ഇയുടെ പുതിയ മോഡൽ ഇന്ത്യയിൽ പുറത്തിറങ്ങുക.