palarivattom-bridge-scam

മൂവാറ്റുപുഴ: ജയിലിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ അനുവദിക്കണമെന്ന പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിന്റെ ആവശ്യം കോടതി അനുവദിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ആർ.ഡി.എസ് എം.ഡി സുമിത് ഗോയലിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയത്. ഗോയലിന്റെ മാനസിക സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. പുസ്തകങ്ങൾ പ്രതിയുടെ ചെലവിൽ വാങ്ങി നൽകിയാൽ വായിക്കാൻ സൗകര്യമൊരുക്കാം എന്ന ജയിൽ അധികൃതർ അറിയിച്ചതോടെയാണ് കോടതി ഇതിന് അനുവാദം നൽകിയത്.

10,000 രൂപയുടെ ഇംഗ്ലിഷ് പുസ്തകങ്ങൾ മൂവാറ്റുപുഴ സബ് ജയിലിനു വാങ്ങി നൽകാമെന്നാണു സുമിത് ഗോയലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സുമിത് ഗോയൽ 59 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. കടുത്ത മാനസിക സമ്മർദമാണു നേരിടുന്നതെന്നും ഇതിനെ അതിജീവിക്കാൻ ഇംഗ്ലിഷ് പുസ്തകങ്ങൾ വായിക്കാൻ അനുവദിക്കണം എന്നുമായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

അതേസമയം ബിസിനസ് ആവശ്യങ്ങൾക്കായി ആഴ്ചയിൽ നാല് തവണ 30 മിനിറ്റ് വീതം സന്ദർശകരെ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. ജയിൽ ചട്ടപ്രകാരം ആഴ്ചയൽല്‍ പരമാവധി രണ്ട് തവണയായി ഒരു മണിക്കൂർ മാത്രമെ സന്ദർശകരെ അനുവദിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.