ന്യൂഡൽഹി: 1.15 ബില്ല്യൺ ഡോളറിന്റെ കരുതൽ സ്വർണം വിറ്റഴിച്ചെന്ന വാർത്ത നിഷേധിച്ച് റിസർവ് ബാങ്ക്. ട്വിറ്റർ വഴിയാണ് റിസർവ് ബാങ്ക് ഇക്കാര്യം പറഞ്ഞത്. ഇതോടൊപ്പം തന്നെ 5.1 ബില്ല്യൺ ഡോളറിന്റെ സ്വർണം ആർ.ബി.ഐ വാങ്ങിയതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതും വാസ്തവവിരുദ്ധമാണെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഇത്തരം വാർത്തകൾ തെറ്റാണെന്നും സ്വർണം വാങ്ങുകയോ വിൽക്കുകയോ ചെയ്‌തിട്ടിട്ടില്ലെന്നും റിസർവ് ബാങ്ക് പറയുന്നുണ്ട്.
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ആർ.ബി.ഐ ഇത്രയും സ്വർണം വിറ്റഴിച്ചതെന്നാണ് വാർത്തകൾ വന്നിരുന്നത്. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്, ദേശീയ മാദ്ധ്യമമായ എക്കണോമിക്സ് ടൈംസ്, നാഷണൽ ഹെറാൾഡ് എന്നിവർ ഇത്തരത്തിൽ വാർത്തകൾ നൽകിയിരുന്നു. ബിമൽ ജലാൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1.76 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് സർക്കാരിന് നൽകിയതാണ് ഇത്തരത്തിൽ സ്വർണം വിൽക്കാൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചതെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം റിസർവ് ബാങ്കിന്റെ ഫോറക്സ് റിസർവിൽ ഉള്ളത് 26.8 ഡോളർ മൂല്യമുള്ള സ്വർണമാണ്.