currency

കൊല്ലം: കടയ്ക്കലുള്ള എസ്.ബി.ഐ എ.ടി.എമ്മിൽ കയറിയ ഉപഭോക്താവിന് ലഭിച്ചത് ചിതലരിച്ച നോട്ടുകൾ. ഈ നോട്ടുകളുമായി ബാങ്കിലേക്ക് ചെന്ന ഇദ്ദേഹത്തെ സഹായിക്കാനാകില്ലെന്ന് പറഞ്ഞു പൊതു മേഖലാ ബാങ്ക് കൈയൊഴിയുകയും ചെയ്തു. റിസർവ് ബാങ്കിൽ ചെന്ന് നോട്ടുകൾ മാറുകയേ വഴിയുള്ളുവെന്നും സ്വകാര്യ ഏജൻസിയാണ് ബാങ്കിൽ പണം നിറയ്ക്കുന്നതെന്നും ബാങ്കിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഇല്ലെന്നുമാണ് ബാങ്ക് അധികൃതർ പറഞ്ഞത്. ആശുപത്രിയിൽ അടയ്ക്കാനായി എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ച കൊല്ലായി സ്വദേശി ലാലിക്കാണ് ഈ ദുസ്ഥിതി ഉണ്ടായത്. ഇയാൾ പിൻവലിച്ച രണ്ടായിരം രൂപയുടെ നാല് നോട്ടുകളായിരുന്നു പകുതിയും ചിതൽ തിന്ന അവസ്ഥയിൽ കൈയിൽ കിട്ടിയത്. പൊടിഞ്ഞിരിക്കുന്ന നോട്ടുകളുമായി ഇനി ലാലി പോകേണ്ടത് തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ റോഡിലുള്ള റിസർവ് ബാങ്കിലേക്കാണ്. അതേസമയം മടത്തറയിലെ എസ്.ബി.ഐ എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ച മറ്റൊരാൾക്കും ചിതലരിച്ച നോട്ടുകളാണ് ലഭിച്ചത്.