പാലക്കാട്: വാളയാർ പീഡനക്കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടികളുടെ അമ്മ. ഇനി കേസ് പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അവർ പറഞ്ഞു. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം. തെളിവുകളുടെ അഭാവത്തിൽ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിക്കെതിരെയാണ് പൊലീസ് അപ്പീൽ നൽകാൻ ഒരുങ്ങുന്നത്.
പൊലീസ് അന്വേഷണത്തിലെ വീഴ്ചയും തെളിവുകളുടെ അഭാവവും പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയെന്ന വിമർശനം ശക്തമായതോടെയാണ് കേസിൽ അപ്പീൽ പോകാൻ പൊലീസ് തീരുമാനിച്ചത്. 2017 ജനുവരി 13നാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡി.വൈ.എസ്.പിക്ക് കേസ് കൈമാറുകയായിരുന്നു. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്.ഐ.യെ സസ്പെന്റ് ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് നാല് പ്രതികളെയും കോടതി വെറുതെ വിട്ടത്.