macta

മലയാള സിനി ടെകനീഷ്യൻസ് അസോസിയേഷൻറെ(മാക്ട)​ നേതൃത്വത്തിൽ വിമൺസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നവംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ഫെസ്റ്റിവൽ നടക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

നവംബർ ഒന്നിന് രാവിലെ പതിനൊന്ന് മണിക്ക് ശ്രീലങ്കൻ നടിയും സംവിധായികയുമായ മാലിനി ഫൊൻസേക ഫെസ്റ്റിവല്ലിന്റെ ഉദ്ഘാടനം നിർവഹിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ സംവിധായകരുടെ 11 സിനിമകൾ പ്രദർശിപ്പിക്കും.

ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ http://mwiff.co.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പ്രവേശന ഫീസ് ഇല്ല. സംവിധായികയും നടിയുമായ സീമ ബിശ്വാസാണ് ഫെസ്റ്റിവൽ ഡയറക്ടർ. മൂന്നാം തീയതി വൈകീട്ട് ആറിന് നടക്കുന്ന സമാപന ചടങ്ങിൽ നടനും സംവിധായകനും നിർമാതാവുമായ മധുവിന് ‘മാക്ട ലെജൻഡ് ഓണർ’പുരസ്കാരം സമ്മാനിക്കും.

ഒന്ന്, രണ്ട് തീയതികളിൽ വിഎഫ്എക്‌സ് വർക്ക്‌ഷോപ്പും അന്തരിച്ച ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ മെമ്മോറിയൽ ഫോട്ടോഗ്രഫി ശിൽപ്പശാലയും നടത്തും. സംവിധായകരായ ജയരാജ്, സുന്ദർദാസ്, രേവതി വർമ, തിരക്കഥാകൃത്ത് എ കെ സന്തോഷ്, സമീറ സനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.