ന്യൂഡൽഹി: ഹരിയാനയിൽ മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ചണ്ഡിഗഡ് രാജ്ഭവനിൽ ഗവർണർ സത്യദേവ് നരെയ്‌ൻ ആര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർച്ചയായ രണ്ടാം തവണയാണ് മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രിയാകുന്നത്. ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനെത്തി.
90 അംഗ നിയമസഭയിൽ 40 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. 10 സീറ്റാണ് ജെ.ജെ.പി നേടിയത്. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ബി.ജെ.പിക്കൊപ്പം ജെ.ജെ.പിയെയും ഏഴ് സ്വതന്ത്രരും അടക്കം 57 എം.എം.എമാർ സർക്കാരിനെ പിന്തുണയ്‌ക്കുമെന്നുറപ്പായതോടെ മനോഹർ ലാൽ ഖട്ടറും ദുഷ്യന്തും ഇന്നലെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. സർക്കാരിന് പിന്തുണ നൽകുമെന്ന് അറിയിച്ച കത്ത് ദുഷ്യന്ത് ഗവർണർക്ക് നൽകി. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി ഖട്ടറിനെ തിരഞ്ഞെടുത്ത ശേഷമാണ് ഗവർണറെ കാണാൻ പോയത്. രണ്ടാംവട്ടവും മുഖ്യമന്ത്രിയാകുന്ന ഖട്ടറെ രവിശങ്കർ പ്രസാദ് അഭിനന്ദിച്ചു.
അതിനിടെ പ്രമുഖ ബി.ജെ.പി നേതാവും അംബാലാ കൺന്റോൻമെന്റ് എം.എൽ.എയുമായ അനിൽ വിജിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.ജെ.ജെ.പി നിയമസഭാ കക്ഷി യോഗത്തിൽ ദുഷ്യന്തിന്റെ മാതാവും ബാദ്ര മണ്ഡലത്തിലെ എം.എൽ.എയുമായ നൈനാ ചൗട്ടാതാലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുയർന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഒടുവിൽ ദുഷ്യന്തിന്റെ പേര് ഉറപ്പിക്കുകയായിരുന്നു.
Chandigarh: Manohar Lal Khattar takes oath as the Chief Minister of Haryana, at the Raj Bhawan. #HaryanaAssemblyPolls pic.twitter.com/SBqHELyaAk
— ANI (@ANI) October 27, 2019