ഡ്രൈവർമാർക്ക് പോലും ഓടിക്കാൻ സാധിക്കാതെ പരാജയപ്പെട്ട ഒരു വണ്ടി നടൻ ദിലീപ് ഓടിച്ചതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാമറമാൻ സാലു ജോർജ്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച സി.ഐ.ഡി മൂസ എന്ന ചിത്രത്തിൽ ഉപയോഗിച്ച നടുക്കു തുളയുള്ള ആ കാറിനെപ്പറ്റിയാണ് സാലു കേരളകൗമുദിയോട് മനസ് തുറന്നിരിക്കുന്നത്.
ക്യാപ്റ്റൻ രാജു ആ വണ്ടി മൂലങ്കുഴിയിൽ സഹദേവനെന്ന ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിന് പരിചയപ്പെടുത്തുന്നതും, ക്ലൈമാക്‌സ് സീനിൽ ദിലീപ് ആ കാറോടിക്കുന്ന രംഗങ്ങളുമൊക്കെ നമ്മെ ഒരുപാട് ചിരിപ്പിച്ചതാണ്. വളരെ പഴയ ഒരു ഫോറിൻ കാറാണ് ചിത്രത്തിനായി ഉപയോഗിച്ചത്.
'എനിക്ക് തോന്നുന്നു വേറെ ഡ്രൈവർമാർക്കൊന്നും ആ കാർ ഓടിക്കാൻ പറ്റില്ല, ദിലീപിനെക്കൊണ്ട് മാത്രമേ സാധിക്കൂകയുള്ളു. കാറിന്റെ നടുക്കൊരു ഓട്ടയുണ്ട്. ക്ലൈമാക്സ് സീനിലൊക്കെ ദിലീപ് ആ വണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണ്ടീഷൻ അനുസരിച്ച് ഒരു അമ്പത് കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ അത് ഓടിക്കാൻ കഴിയില്ല. മുതലാളിയെ തൊഴിലാളിക്കറിയാമെന്ന് പറയുംപോലെ,100,150 കിലോമീറ്റർ സ്പീഡിലൊക്കെ ദിലീപ് ആ കാർ ഓടിച്ചിരുന്നു. ഞാനൊക്കെ ആ വണ്ടി ഓടിക്കാൻ നോക്കിയിട്ടുണ്ട്. എന്നാൽ നീക്കാൻ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നു ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന്'-അദ്ദേഹം പറഞ്ഞു.