woman-acid

അലിഗഡ്: വിവാഹം കഴിക്കാൻ വിസ്സമ്മതിച്ചതിന്റെ പേരിൽ യുവാവിന്റെ മുഖത്തേക്ക് ആസിഡൊഴിച്ച് പെൺകുട്ടി. ഉത്തർ പ്രദേശിൽ അലിഗഡിലെ ജീവൻഗഡിൽ വച്ച് ചൊവാഴ്ചയാണ് സംഭവം നടന്നത്. കഴിഞ്ഞ ആറ് മാസങ്ങളായി ഫൈസാദ് എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ മാസം തൊട്ട് ഇയാൾ പെൺകുട്ടിയെ അവഗണിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായാണ് പെൺകുട്ടി തന്റെ കാമുകനെ ആസിഡ് കൊണ്ട് ആക്രമിച്ചത്. സെക്ഷൻ 326 എ നിയമപ്രകാരം പൊലീസ് പെൺകുട്ടിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

20 വയസുള്ള ചെറുപ്പക്കാരന്റെ കണ്ണിനാണ് പ്രധാനമായും പരിക്കേറ്റിരിക്കുന്നതെന്നും ഇയാൾക്ക് വിദഗ്ദ ചികിത്സ ആവശ്യമുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഏതാനും ദിവസങ്ങളായി പെൺകുട്ടി ഫൈസാദിനെ ഫോണിൽ നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആസിഡ് കൊണ്ട് ആക്രമിച്ച ദിവസവും രാവിലെ പെൺകുട്ടി ഫൈസാദിനെ വിളിച്ചിരുന്നുവെന്ന് ഫൈസാദിന്റെ അമ്മ പറയുന്നു. 'എന്റെ ഇളയ മകൻ പെൺകുട്ടിയും ഫൈസാദും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. തന്നെ വിവാഹം ചെയ്യാനായിരുന്നു പെൺകുട്ടി അവനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ അവൻ അതിന് വഴങ്ങിയില്ല. തുടർന്നാണ് അവൾ അവനെ ആസിഡ് കൊണ്ട് ആക്രമിച്ചത്.' ഫൈസാദിന്റെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.