സിറിയയിലെ ഐസിസ് താവളത്തിൽ യു. എസ് ആക്രമണം
യു. എസ് വേട്ടനായ്ക്കൾ ബാഗ്ദാദിയെ ഓടിച്ചു,മരണം ബോംബ് പൊട്ടിച്ച്
വാഷിംഗ്ടൺ: ഒസാമ ബിൻ ലാദനു ശേഷം ലോകം ഏറ്റവും ഭയപ്പെട്ട കൊടുംഭീകരനും ഐസിസ് തലവനുമായ അബുബക്കർ അൽ ബാഗ്ദാദി (48) സിറിയയിൽ ശനിയാഴ്ച രാത്രി അമേരിക്കൻ ആക്രമണത്തിൽ പേടിച്ചരണ്ട് നിലവിളിച്ച് ജാക്കറ്റ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. സ്ഫോടനത്തിൽ ബാഗ്ദാദിയുടെ രണ്ട് ഭാര്യമാരും മൂന്ന് മക്കളും കൊല്ലപ്പെട്ടു. ഇന്നലെ വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചത്. അമേരിക്കൻ സേനയുടെ വേട്ടനായ്കൾ ബാഗ്ദാദിയെ ഓടിച്ചെന്നും ഭയന്നുവിറച്ച് അലറിക്കരഞ്ഞ് മൂന്ന് മക്കളുമായി ഒരു തുരങ്കത്തിൽ കയറി ചാവേർ ജാക്കറ്റ് പൊട്ടിച്ച് മരിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇതോടെ കൊടിയ ഭീകരന് വേണ്ടി വർഷങ്ങൾ നീണ്ട സൈനികവേട്ടയാണ് അവസാനിച്ചത്.
ഒസാമ ബിൻ ലാദനെ പ്രസിഡന്റ് ഒബാമയുടെ കാലത്ത് പാകിസ്ഥാനിലെ അബോട്ടാ ബാദിലെ ഒളിസങ്കേതത്തിൽ ചെന്ന് അമേരിക്കൻ കമാൻഡോകൾ വധിക്കുകയായിരുന്നു. അതിനെക്കാൾ രൂക്ഷമായ ആക്രമണത്തിനിടെയാണ് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചത്. ബാഗ്ദാദിയെ പിടികൂടാൻ അമേരിക്ക 25 ദശലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ബിൻ ലാദനെ വധിച്ചത് ഒബാമ വൈറ്റ് ഹൗസിൽ ഇരുന്ന് കണ്ടതുപോലെ ഓപ്പറേഷൻ ബാഗ്ദാദി പ്രസിഡന്റ് ട്രംപും തത്സമയം കാണുന്നുണ്ടായിരുന്നു. അമേരിക്കയുടെ പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും കരസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്. ഒളിത്താവളത്തിലുണ്ടായിരുന്ന ബാഗ്ദാദിയുടെ നിരവധി കൂട്ടാളികളെയും അമേരിക്കൻ സേന വധിച്ചു. ബഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങളുടെ ഡി.എൻ.എ, ബയോമെട്രിക് ടെസ്റ്റുകൾ പൂർത്തിയാക്കിയാണ് മരണം സ്ഥിരീകരിച്ചത്.
ട്രംപിന്റെ നാടകം
ബാഗ്ദാദിയെ അമേരിക്ക വധിച്ചതായി ഞായറാഴ്ച പുലർച്ചെ മുതൽ അഭ്യൂഹങ്ങൾ വന്നെങ്കിലും സ്ഥിരീകരണം ഇല്ലായിരുന്നു. ശനിയാഴ്ച രാത്രി 9:23ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാടകീയമായ ഒരു ട്വീറ്റിൽ നിന്നാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്.''വളരെ വലിയ ഒരു സംഭവം ഇതാ നടന്നിരിക്കുന്നു" എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, അമേരിക്കൻ സേന സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ ഒരു ഉന്നത ഭീകരനെ ലക്ഷ്യമിട്ട് ഓപ്പറേഷൻ നടത്തിയെന്ന് യു. എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ ഓപ്പറേഷൻ വിജയിച്ചോ എന്ന് സ്ഥിരീകരിച്ചില്ല. അതേസമയം, ഞായറാഴ്ച രാവിലെ 9 മണിക്ക് ( ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ) പ്രസിഡന്റ് ട്രംപ് ‘വലിയ പ്രഖ്യാപനം’ നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് ഹോഗൻ ഗിഡ്ലി അറിയിച്ചു. പിന്നാലെ യു.എസ് സേനയുടെ റെയ്ഡിൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിദ്ധീകരണമായ ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. എങ്കിലും സസ്പെൻസ് തുടർന്നു. വൈകിട്ട് ആറരയ്ക്ക് ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് വാർത്ത സ്ഥിരീകരിച്ചത്.
പട്ടിയെ പോലെ ചത്തു: ട്രംപ്
വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഐസിസിന്റെ നിയന്ത്രണത്തിലുള്ള അവസാനത്തെ പ്രദേശങ്ങളിലൊന്നായ ഇദ്ലിബ് പ്രവിശ്യയിലെ സങ്കേതത്തിലായിരുന്നു ബാഗ്ദാദി.
അമേരിക്കയുടെ പ്രത്യേക ദൗത്യ സേന രാത്രിയിൽ നടത്തിയ മാരകവും
ധീരവുമായ ഓപ്പറേഷനിൽ ഗംഭീരമായി തന്നെ ലക്ഷ്യം നേടി. ഓപ്പറേഷൻ ഞാൻ നേരിൽ കണ്ടു. ഞങ്ങളുടെ വേട്ടപ്പട്ടികൾ അവനെ ഓടിച്ചു. ഭയന്ന് വിറച്ച് ഞരങ്ങിയും നിലവിളിച്ചും അലറിയും പിടിച്ചു നിൽക്കാനാവാതെ ബാഗ്ദാദി മൂന്ന് മക്കളെയും വലിച്ചിഴച്ചുകൊണ്ട് ഒരു തുരങ്കത്തിലേക്ക് ഓടിക്കയറി. പുറത്തേക്ക് മറ്റ് വഴിയില്ലാത്ത തുരങ്കത്തിൽ കുടുങ്ങിയ ഭീകരൻ ചാവേർ ജാക്കറ്റ് പൊട്ടിച്ച് സ്വയം മരിച്ചു. മൂന്ന് മക്കളും കൊല്ലപ്പെട്ടു. മറ്റുള്ളവരെ ഉപദ്രവിച്ച ദ്രോഹി അമേരിക്കൻ സേന ഇരച്ചെത്തിയപ്പോൾ കടുത്ത ഭീതിയിലും വെപ്രാളത്തിലുമാണ് തന്റെ അവസാന നിമിഷങ്ങൾ എണ്ണിയത്. സ്ഫോടനത്തിൽ അവന്റെ ശരീരം ചിന്നിച്ചിതറി. തുരങ്കം ഇടിഞ്ഞ് അവന്റെ മുകളിലേക്ക് പതിച്ചു. അവൻ ഒരു ഹീറോയെ പോലെയല്ല മരിച്ചത്. ഒരു ഭീരുവിനെ പോലെ കരഞ്ഞ്, നിലവിളിച്ച്, ഞരങ്ങി, പട്ടിയെ പോലെ ചത്തു. ഈ ലോകം ഇപ്പോൾ കൂടുതൽ സുരക്ഷിതമായിരിക്കുന്നു. - വൈറ്റ് ഹൗസിൽ ട്രംപ് പറഞ്ഞു.