പ്രണയവും വിരഹവും ഭക്തിയും ആഘോഷവും ഹാസ്യവുമെല്ലാം സന്ദർഭോചിതമായി സന്നിവേശിപ്പിച്ച ഗാനരചയിതാവ്. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ടിരുന്ന പല ഹിറ്റ് ഗാനങ്ങളും രചിച്ച ബിച്ചു തിരുമല. നീലജലാശയത്തിലും രാകേന്ദുകിരണങ്ങളും എവിടെയോ കളഞ്ഞുപോയ കൗമാരവും സംഗീതപ്രേമികളെ പുതിയ ആസ്വാദന തലത്തിലെത്തിച്ചു. ശാസ്ത്രീയ സംഗീതത്തിന്റെ പിൻബലമുള്ള 'നക്ഷത്രദീപങ്ങൾ തിളങ്ങി"എന്ന ഗാനം ചമച്ച അതേ തൂലിക കുതിരവട്ടം പപ്പുവിനെക്കൊണ്ട് 'പാവാട വേണം മേലാട വേണം, പഞ്ചാരപ്പനങ്കിളിക്ക് " എന്നും പാടിച്ചു. 'മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ", 'ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം" തുടങ്ങി ഗാനശാഖയുടെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. ചെറിയൊരു വീഴ്ചയെ തുടർന്നുണ്ടായ ശാരീരികമായ അവശത എഴുത്തിന്റെ വേഗം തെല്ല് കുറച്ചെങ്കിലും ഭാവനയുടെ വലിയ നീരുറവ ഇപ്പോഴും അദ്ദേഹത്തിന്റെ മനസിലുണ്ട്.
പ്രേക്ഷകരെ വല്ലാതെ വീർപ്പുമുട്ടിച്ച ഫാസിൽ ചിത്രമാണ് 'പപ്പയുടെ സ്വന്തം അപ്പൂസ്". ജാനകിയമ്മയുടെ ശബ്ദത്തിൽ പുറത്തുവന്ന 'ഓലത്തുമ്പത്തിരുന്ന് ഊയലാടും ചെല്ല പൈങ്കിളി " എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. ' എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ "എന്ന അടുത്ത വരി മഷിയിൽ കണ്ണീർ കലർത്തിയാണ് ബിച്ചുതിരുമല എഴുതിയത്. അറിവില്ലാ പൈതലായിരിക്കുമ്പോൾ വേർപെട്ടുപോയ കുഞ്ഞനുജന്റെ അവ്യക്തമായ ചിത്രമായിരുന്നു മനസിൽ. ബിച്ചുവിന് അന്ന് പ്രായം നാലുവയസ്. അനുജനെ എണ്ണ പുരട്ടി അമ്മ കുളിപ്പിക്കുന്നത് ഒരുപക്ഷേ മനസിൽ കയറികൂടിയിട്ടുണ്ടാവാം.
ഒരുരാത്രി മുഴുവൻ അനുജൻ നിർത്താതെ കരച്ചിൽ. അമ്മ എത്ര ശ്രമിച്ചിട്ടും കരച്ചിൽ അടക്കാനാവുന്നില്ല. ഒടുവിൽ എപ്പോഴോ ആ കരച്ചിൽ നിലച്ചു. അടുത്ത ദിവസം രാവിലെ വീട്ടിലെ കാര്യസ്ഥൻ വന്ന് വലിയൊരു വാഴയില വെട്ടി തിണ്ണയിൽ ഇട്ടു. ആർക്ക് ചോറു വിളമ്പാനാണ് ഇത്രയും വലിയ ഇലയെന്നായിരുന്നു അപ്പോൾ തോന്നിയ സന്ദേഹം. ഏറെ നാൾ കഴിഞ്ഞാണ് മനസിലായത്, വലിയ ഇലയിൽ പൊതിഞ്ഞത് സ്വന്തം അനുജനെയാണെന്ന്. ഇന്നും ആ പാട്ട് നൊമ്പരമായാണ് മനസിൽ നിൽക്കുന്നത്. 'മുളയ്ക്കാത്ത വിത്ത് "എന്ന കവിത പിന്നീട് എഴുതിയതും അനുജന്റെ വേർപാട് ആധാരമാക്കിയാണ്"-അദ്ദേഹം പറയുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം ഈയാഴ്ചത്തെ(ഒക്ടോബർ 21-26) കൗമുദി ആഴ്ചപ്പതിപ്പിൽ