modi-wiith-army

ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണരേഖകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹെലികോപ്റ്ററിലാണ് ചൊവാഴ്ച മോദി അതിർത്തി ജില്ലയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തേക്ക് എത്തിച്ചേർന്നത്. സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാനായി ഇത് മൂന്നാം തവണയാണ് മോദി കാശ്മീരിലേക്ക് എത്തിച്ചേരുന്നത്. ഈ പതിവ് 2014ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത് മുതൽ മോദി പിന്തുടരുന്നതാണ്.

എന്നാൽ ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ ശേഷം ഇതാദ്യമായാണ് സൈനികരോടൊപ്പം മോദി ദീപാവലി ആഘോഷിക്കാനായി എത്തുന്നത്. 2014ൽ പ്രധാനമന്ത്രിയായപ്പോൾ സിയാച്ചിനിലും ലഡാക്കിലുമുള്ള ആർമി ജവാൻമാരുമായി ദീപാവലി ആഘോഷിച്ചുകൊണ്ടാണ് മോദി ഈ പതിവിനു തുടക്കമിടുന്നത്. പാകിസ്ഥാൻ പട്ടാളത്തിന്റെ ഷെല്ലിംഗും നിരന്തരാക്രമണവും നടക്കുന്ന അതിർത്തി പ്രദേശങ്ങളാണ് പൂഞ്ചും രജൗരിയും.

നാലു ഹെലികോപ്ടറാണ് ജമ്മു കാശ്മീരിലേക്ക് എത്തിച്ചേർന്നത്. ഇക്കൂട്ടത്തിൽ മൂന്നെണ്ണം ഭിംബർ ഗലിയിലും ഒരെണ്ണം രജൗരിയിലുമാണ് ലാൻഡ് ചെയ്തത്. രജൗരിയിൽ ലാൻഡ് ചെയ്ത ഹെലികോപ്ടറിലാണ് മോദി ഇവിടേക്ക് എത്തിയതെന്നാണ് അനുമാനം. ദീപാവലി ആഘോഷത്തിനായാണ് മോദി ഇവിടേക്ക് എത്തിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇന്ത്യൻ സേന സ്ഥിരീകരണം നൽകിയിട്ടില്ല.