തിരുവനന്തപുരം: ജീവിക്കാനായി എന്ത് ജോലി ചെയ്യണമെന്നത് പലർക്കുമുള്ള വെല്ലുവിളിയാണ്. ചില ജോലികൾ അഭിമാന പ്രശ്നമാകുമോ എന്നുവരെ ചിന്തിക്കുന്നവരുമുണ്ട്. എന്നാൽ, ഇതിൽ നിന്നും വേറിട്ട് ചിന്തിക്കുന്നവരുമുണ്ട്. അത്തരത്തിലൊരാളാണ് ലിജി. പലയിടത്തും ജോലിക്ക് പോയെങ്കിലും വേറെ നിവൃത്തി ഇല്ലാത്തതിനാൽ പാളയം മാർക്കറ്റിൽ മീൻ വെട്ടി നൽകിയാണ് ലിജി വരുമാന മാർഗം കണ്ടെത്തുന്നത്. മകളെ പഠിപ്പിക്കാൻ വേണ്ടിയാണ് ലിജി ഈ തൊഴിൽ ചെയ്യുന്നത്. ഹോളി ഏയ്ഞ്ചൽസ് സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുകയാണ് ലിജിയുടെ മകൾ.
ഭർത്താവ് ഉപേക്ഷിച്ചു പോയതാണ് ലിജിയെ. അച്ഛനും അമ്മയും മരിച്ചു. പല വീടുകളിലും വീട്ടു ജോലിക്കു പോയെങ്കിലും ഒന്നും ശരിയായില്ല. അതിനാലാണ് ഇപ്പോൾ പാളയം മാർക്കറ്റിൽ മീൻ മുറിക്കാൻ വരുന്നത്. എന്നാൽ, സ്ഥിരമായി ഇവിടെ വരാനും സാധിക്കില്ല.അവിടെ സ്ഥിരമായി മീൻ മുറിക്കൽ തൊഴിലാക്കിയവർ സമ്മതിക്കില്ലത്രേ. അവരെ പേടിച്ച് ഇപ്പോൾ ഞായറാഴ്ച മാത്രം വരും. ഒരിടത്തും ആക്കിയിട്ടു വരാൻ പറ്റാത്തതിനാൽ മോളെയും കൊണ്ടാണ് ലിജി ഇവിടെ എത്തുന്നത്. ഇതിൽ നിന്നും കിട്ടുന്ന വരുമാനം മാത്രമാണ് ലിജിയുടെ ഉപജീവന മാർഗം. ഇതുസംബന്ധിച്ച് അജയ് കുമാർ എന്നൊരാളാണ് ലിജിയെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അച്ചു ഒരാഴ്ചത്തേക്ക് വന്നിട്ടുണ്ട്. ഇന്ന് അവന്റെ വക രണ്ടു തരം മീൻകറി ആണത്രേ ഉച്ചക്ക് ,അതിനു വേണ്ടി മീൻ വാങ്ങണം എന്ന് പറഞ്ഞതിനാൽ പാളയത്തു പോയിരുന്നു, രണ്ടു തരം മീനും വാങ്ങി അത് മുറിക്കാൻ സ്ഥിരമായി കൊടുക്കാറുള്ള സ്ത്രീകളുടെ അടുത്തേക്ക് നടന്നപ്പോഴാണ്, ഒരു ഉയരം കുറഞ്ഞ ചെറുപ്പക്കാരി എന്നോട് ചോദിച്ചത്,
സാറെ മീൻ മുറിച്ചു തരണോ?
ഞാൻ ഉടനെ ആ കവർ അവരുടെ കൈയിൽ കൊടുത്തു. സാധാരണ മീൻ മുറിക്കാറുള്ള സ്ത്രീകൾ നിറുത്താതെ സംസാരിക്കുകയും പരസ്പരം അടി ഉണ്ടാക്കുകയുമൊക്കെ ചെയ്യും, പക്ഷെ ഈ യുവതി മൗനമായി ജോലി ചെയ്യുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടു. ഇവർ ഇവിടവുമായി ചേരാത്ത ഒരാളാണല്ലോ എന്ന് ഞാൻ അച്ചുവിനോട് പറഞ്ഞു. അപ്പോഴാണ് ഞാൻ മീൻ വാങ്ങിയ മീൻകാരി എന്നോട് പറഞ്ഞത്,
സാറേ കൊച്ചിനെ പഠിപ്പിക്കാൻ വേണ്ടി വന്നതാണ് പാവം, വേറെ ഒരു നിവൃത്തിയുമില്ല
ആണോ? ഞാൻ അവരെ നോക്കി,അവർ എന്നോട് എന്തിനാണ് ഇത് പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല
അതെ സാറെ മോൾ അവിടെ ഇരിപ്പുണ്ട്, അവരൊരു സ്റ്റൂൾ ചൂണ്ടിക്കാണിച്ചു. ആ സ്റ്റൂൾ ശൂന്യം,
അപ്പോൾ ലിജി എന്ന് പേരുള്ള യുവതി എന്നോട് പറഞ്ഞു, അവൾ ഉറക്കം വരുന്നു എന്ന് പറഞ്ഞപ്പോൾ അവിടെ കിടന്നോളാൻ പറഞ്ഞു,
ചൂണ്ടിക്കാണിച്ച സ്ഥലം ഞാൻ നോക്കി, ഒരു കൈവണ്ടി, അതിൽ കിടന്നുറങ്ങുന്നു, മാലാഖയെ പോലെ ഒരു കുഞ്ഞു മോൾ.
പേര് എയ്ഞ്ചൽ.ഹോളി ഏയ്ഞ്ചൽസ് സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയതാണ് ലിജിയെ . അച്ഛനും അമ്മയും മരിച്ചു, പല വീടുകളിലും വീട്ടു ജോലിക്കു പോയെങ്കിലും ഒന്നും ശരിയായില്ല, ഇപ്പോൾ പാളയം മാർക്കെറ്റിൽ മീൻ മുറിക്കാൻ വരുന്നു. എന്നും വരാൻ അവിടെ സ്ഥിരമായി മീൻ മുറിക്കൽ തൊഴിലാക്കിയവർ സമ്മതിക്കില്ലത്രേ. അവരെ പേടിച്ച് ഇപ്പോൾ ഞായറാഴ്ച മാത്രം വരും, ഒരിടത്തും ആക്കിയിട്ടു വരാൻ പറ്റാത്തതിനാൽ മോളെയും കൊണ്ടാണ് വരുന്നത്
ഇതൊക്കെ ആ മീൻകാരി പറഞ്ഞതാണ്, ലിജി ഒരു ചെറു ചിരിയോടെ ജോലി ചെയ്യുന്നു, ഞാൻ ചോദിച്ചു,
ഒരു ഫോട്ടോ എടുത്തോട്ടെ, ഞാൻ കുറച്ചൊക്കെ എഴുതുന്ന ഒരാളാണ്. വെറുതെ ലിജിയെപ്പറ്റിയും ഞാൻ എഴുതാം,
അപ്പോൾ ലിജി ചിരിച്ചു കൊണ്ട് തലയാട്ടി. ദീപാവലിക്ക് തോക്ക് ചോദിച്ചു കിട്ടാതെ പോയി കിടന്നു ഉറങ്ങിപ്പോയതാണ് മോൾ ,
കൊടുത്ത പൈസക്ക് ബാക്കി തപ്പിയപ്പോൾ ഞാൻ ലിജിയോട് പറഞ്ഞു അത് മോൾക്ക് തോക്ക് വാങ്ങിക്കാൻ ഉള്ളതാണ്, ഇരുന്നോട്ടെ.
വിളറിയ ഒരു ചിരിയോടെ നിൽക്കുന്ന ലിജിയോട് യാത്ര പറഞ്ഞ് ഞാനും അച്ചുവും തിരികെ കാറിലേക്ക് നടന്നു
ഒന്ന് കൂടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ആ കൈവണ്ടി യിൽ ലോകത്തിന്റെ കാപട്യം ഒന്നുമറിയാതെ പാവം എയ്ഞ്ചൽ കിടന്നുറങ്ങുന്നു , അവൾ വളർന്നു വരുമ്പോൾ 'അമ്മ അവൾക്കു വേണ്ടി ഈ പാട് പെട്ടതൊക്കെ അറിയുമായിരിക്കും , അമ്മക്കൊരു തണലായി ആ കുഞ്ഞു മാലാഖ വളരും എന്ന് എനിക്ക് ഉള്ളിൽ വെറുതെ തോന്നി
അജോയ് കുമാർ