മുംബയ്: മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള അധികാര വടംവലി മുറുകുന്നതിനിടെ ബി.ജെ.പിക്ക് തലവേദനയുണ്ടാക്കുന്ന പ്രസ്താവനകളുമായി ശിവസേന നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവുത്ത് രംഗത്ത്. മഹാരാഷ്ട്രയിൽ അധികാരത്തിന്റെ റിമോട്ട് കൺട്രോൾ തങ്ങൾക്കായിരിക്കുമെന്ന് റാവുത്ത് പറഞ്ഞു.
പാർട്ടിയുടെ മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് റാവുത്തിന്റെ അഭിപ്രായപ്രകടനം. ശിവസേനയുടെ സ്ഥാപക നേതാവ് ബാൽ താക്കറെയുടെ കാലഘട്ടം ഓർമിപ്പിക്കുന്നതിനാണ് സഞ്ജയ് റാവത്ത് അധികാരത്തിന്റെ റിമോട്ട് കൺട്രോൾ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. 1995-99 കാലഘട്ടത്തിൽ അധികാരത്തിലിരുന്ന ആദ്യ ശിവസേന-ബി.ജെ.പി സഖ്യ സർക്കാരിന്റെ കാലത്ത് ബാൽ താക്കറെ ഈ വാക്ക് നിരന്തരം ഉപയോഗിച്ചിരുന്നു.
ഇത്തവണ ശിവസേനയ്ക്ക് 56 സീറ്റുകളാണ് മഹാരാഷ്ട്രയിൽ ലഭിച്ചത്. 2014നോട് താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. എന്നാൽതന്നെയും അധികാരത്തിന്റെ റിമോട്ട് കൺട്രോൾ നമുക്കായിരിക്കും. ശിവസേനയെ ബി.ജെ.പിക്ക് പിന്നിൽ വലിച്ചിഴയ്ക്കാമെന്ന സ്വപ്‌നം തിരഞ്ഞെടുപ്പ് ഫലത്തോടെ തകർന്നു. റാവുത്ത് കുറിച്ചു.
സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത കാർട്ടൂണും ഏറെ ചർച്ചയായിരുന്നു. ശിവസേനയുടെ പാർട്ടി ചിഹ്നമായ കടുവ ബി.ജെ.പി ചിഹ്നമായ താമര കൈയിലെടുത്ത് മണം പിടിക്കുന്നതായിരുന്നു കാർട്ടൂൺ. എൻ.സി.പിയുടെ ചിഹ്നമായ ക്ലോക്ക് കടുവയുടെ കഴുത്തിൽ തൂക്കിയിട്ടുമുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഈ കാർട്ടൂണിന് ഏറെ പ്രധാന്യമുണ്ടെന്നും ആരെയും ചെറുതായി കാണരുതെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും റാവത്ത് കാർട്ടൂണിനെക്കുറിച്ച് കുറിപ്പിൽ പ്രതിപാദിക്കുന്നു.
അധികാരം പങ്കിടാമെന്ന ഉറപ്പ് എഴുതി നൽകണമെന്ന് കഴിഞ്ഞ ദിവസം ബി.ജെപിയോട് ശിവസേനാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും ഉണ്ടാക്കിയ 50:50 എന്ന ധാരണ മാനിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ ഇതിനോട് ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 30ന് ചേരുന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിന് ശേഷം അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അധികാരം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യത്തിൽ തെറ്റൊന്നുമില്ലെന്ന് മാദ്ധ്യമങ്ങളോട് എൻ.സി.പി നേതാവ് ശരദ് പവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ബി.ജെ.പിയെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസും എൻ.സി.പിയും സേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറും പി.സി.സി അദ്ധ്യക്ഷൻ ബാലാസാഹെബ് തൊറാട്ടും ഇക്കാര്യം നിഷേധിച്ചു.