ചണ്ഡിഗഡ്: ബി.ജെ.പി നേതാവ് മനോഹർ ലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രിയായി രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് ഖട്ടർ ഹരിയാന മുഖ്യമന്ത്രിയാകുന്നത്. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഹരിയാന ഗവർണർ സത്യദിയോ നരൈയ്ൻ ആര്യ ഇരുവർക്കും സത്യവാചകം ചൊല്ലി നൽകി. അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയായിരുന്ന ദുഷ്യന്തിന്റെ അച്ഛൻ അജയ് ചൗട്ടാല മകന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാനായി ശനിയാഴ്ച പരോളിൽ ഇറങ്ങിയിരുന്നു. രണ്ടാം വട്ടവും എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ദുഷ്യന്തിന്റെ അമ്മ നൈന ചൗട്ടാലയും ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രിയും ബി.ജെ.പി വർക്കിംഗ് പ്രസിഡന്റുമായ ജെ.പി. നദ്ദ, പഞ്ചാബ് ഗവർണർ വി.പി. സിംഗ് ബദ്നോർ, മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, കേന്ദ്ര മന്ത്രിമാരായ ക്രിഷൻ പാൽ ഗുർജാർ, ആർ.എൽ. കട്ടാരിയ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, എസ്.എ.ഡി നേതാവ് സുഖീന്ദർ സിംഗ് ബാദൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
53 വർഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോൺഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണത്തുടർച്ച ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കാതിരുന്നത് മൂലം ജെ.ജെ.പിയുടെ പിന്തുണയുള്ള കൂട്ടുകക്ഷി മന്ത്രിസഭയാണ് ഹരിയാനയിൽ രൂപീകൃതമായത്. 40 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ജെ.ജെ.പിക്ക് 10ഉം. ഏഴ് സ്വതന്ത്ര എം.എൽ.എമാരും ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 90 അംഗ സഭയിൽ 57 എം.എൽ.എമാരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്.