helicopter

കേദാർനാഥ്: 11500 അടി ഉയരത്തിൽ കേദാർനാഥ് ഹെലിപാഡിൽ തകർന്നുവീണ സ്വകാര്യ ഹെലികോപ്ടറിനെയും വഹിച്ചുകൊണ്ടുപോകുന്ന വ്യോമസേന ഹെലികോപ്ടറുകളുടെ ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വൈറലാകുന്നത്. കഴിഞ്ഞദിവസമാണ് വ്യോമസേനയുടെ എം.ഐ 17 വി 5 ഹെലികോപ്ടറുകൾ കേദാർനാഥിലെത്തി സ്വകാര്യ ഹെലികോപ്ടറിനെ പൊക്കിയെടുത്ത് പറന്നത്. ഇതിന്റെ വീഡിയോ ദൃശ്യം വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് പുറത്തുവിട്ടത്.

യു.ടി എയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്ടറാണ് ദിവസങ്ങൾക്ക് മുമ്പ് ഉത്തരാഖണ്ഡിലെ കേദാർനാഥ് ഹെലിപ്പാഡിൽ തകർന്നുവീണത്. ഉയർന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് റോഡ് മാർഗം ഇവിടേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് യു.ടി എയർ ഉത്തരാഖണ്ഡ് ഭരണകൂടത്തെ ബന്ധപ്പെട്ട് വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചത്. വിവരമറിഞ്ഞ വ്യോമസേന അധികൃതർ രണ്ട് എം.ഐ 17 വി 5 ഹെലികോപ്ടറുകളാണ് രക്ഷാപ്രവർത്തനത്തിനായി അയച്ചത്. ഒരു ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങളും മറ്റൊരു ഹെലികോപ്ടർ തകർന്നുവീണ സ്വകാര്യ ഹെലികോപ്ടറിനെ പൊക്കിയെടുക്കാനുമാണ് അയച്ചത്.

സംഭവസ്ഥലത്തെത്തിയ വ്യോമസേന ഹെലികോപ്ടറുകൾ ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യം വിജയകരമായി പൂർത്തിയാക്കി. തകർന്ന ഹെലികോപ്ടറിനെ വ്യോമസേനയുടെ ഹെലികോപ്ടർ പൊക്കിയെടുക്കുകയും തുടർന്ന് ഡെറാഡൂണിലെ സഹസ്ത്രദാരയിൽ എത്തിക്കുകയും ചെയ്തു.