modi

രണ്ടുമാസത്തിനുള്ളിൽ വ്യോമപാത അടയ്ക്കുന്നത് മൂന്നാംതവണ

മോദി ഇന്ന് സൗദിയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിന് വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാൻ അനുമതി നിഷേധിച്ചു. ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് അനുമതി നിഷേധിച്ചതെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.

അന്താരാഷ്ട്ര ബിസിനസ് ഫോറത്തിൽ പങ്കെടുക്കാനായി മോദി ഇന്നാണ് സൗദിയിലേക്ക് തിരിക്കുക.

രണ്ടുമാസത്തിനുള്ളിൽ മൂന്നാം തവണയാണ് പാകിസ്ഥാൻ ഇന്ത്യൻ നേതാക്കൾക്ക് വ്യോമപാത നിഷേധിക്കുന്നത്. സെപ്തംബറിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനത്തിനും യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനുള്ള മോദിയുടെ അമേരിക്കൻ യാത്രയ്ക്കും പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത നിഷേധിച്ചിരുന്നു.

''ഇന്ത്യൻ പ്രധാനമന്ത്രി വ്യോമപാത ഉപയോഗിക്കാൻ അനുവാദം തേടിയിരുന്നു. ഞങ്ങളത് അനുവദിച്ചില്ല. കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ തന്നെയാണ് കാരണം."- പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കി. ഇന്ത്യൻ ഹൈക്കമ്മിഷണറും ഇക്കാര്യം സ്ഥിരീകരിച്ചു.

ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരിയിൽ പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത പൂർണമായും അടച്ചിരുന്നു. മാർച്ച് 27നാണ് പിന്നീട് ഇത് തുറന്നത്. മേയ് 15 മുതൽ 30 വരെയും പാക് വ്യോമപാത ഇന്ത്യയ്ക്ക് മുന്നിൽ അടച്ചിട്ടിരുന്നു. കാശ്മീർ വിഷയത്തെ തുടർന്ന് വ്യോമപാത അടച്ച് മാത്രമല്ല, ഇന്ത്യയിലേക്കുള്ള ട്രെയിൻ, ബസ് സർവീസുകൾ നിറുത്തലാക്കിയും വാണിജ്യബന്ധം അവസാനിപ്പിച്ചും പാകിസ്ഥാൻ പ്രതിഷേധിച്ചിരുന്നു.