പാലക്കാട്: വാളയാർ കേസിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്റെ ഇടപെടൽ ദുരൂഹമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിക്ക് വേണ്ടി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ഹാജരായ സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. ചെയർമാന്റെ ഇടപെടലിനെ കുറിച്ച് നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ചൈൽഡ‍് വെൽഫെയർ കമ്മിറ്റികളുടെ തലപ്പത്തുളളവർ ആരാണെന്ന് അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരായവരും രാഷ്ട്രീയബന്ധമുളളവരുമാണ് ചൈൽഡ‍് വെൽഫെയർ കമ്മിറ്റിയുടെ തലപ്പത്തുളളത്. രാഷ്ട്രീയബന്ധമുളള പ്രതികളാകുമ്പോൾ ഇവരുടെ ഉത്തരവാദിത്തം എന്താണെന്നും ഷാഫി പറമ്പൽ ചോദിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ സാമൂഹ്യ നീതി വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്‍ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. അതേസമയം, പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഇനി കേസ് പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അവർ പറഞ്ഞു. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം. തെളിവുകളുടെ അഭാവത്തിൽ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിക്കെതിരെയാണ് പൊലീസ് അപ്പീൽ നൽകാൻ ഒരുങ്ങുന്നത്.