കൊച്ചി: നഷ്‌ടം കുമിഞ്ഞുകൂടുന്ന പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നിവയെ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച് കഴിഞ്ഞു. ലയനത്തിലൂടെ ലാഭത്തിന്റെ ട്രാക്കിലേക്ക് ഈ കമ്പനികളെ ഉയർത്തുകയാണ് ലക്ഷ്യം. ഇരു കമ്പനികളുടെയും നഷ്‌ടവും പ്രവർത്തനവും വിലയിരുത്തുമ്പോൾ ലയനം നല്ല ഉപായവുമാണ്.
എന്നാൽ, കടുത്ത മത്സരമുള്ള ഇന്ത്യൻ ടെലികോം രംഗത്ത് മുൻനിരയിലേക്ക് കുതിച്ചു കയറാനും വിപണി വിഹിതത്തിൽ മുന്നേറ്റമുണ്ടാക്കാനും ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിക്ക് കഴിയുമോ? ബി.എസ്.എൻ.എല്ലിന്റെയും എം.ടി.എൻ.എല്ലിന്റെയും നിലവിലെ സ്ഥിതി പരിശോധിക്കുമ്പോൾ ഈ ലക്ഷ്യം പ്രയാസമാണെന്ന് കാണാം.
ബി.എസ്.എൻ.എല്ലിന്റെയും എം.ടി.എൻ.എല്ലിന്റെയും പ്രവർത്തന പ്രദേശങ്ങൾ വെവ്വേറെയായതിനാൽ ഇരു കമ്പനികളുടെയും ലയനം സുഗമമായി നടത്താനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. സ്വകാര്യ ടെലികോം കമ്പനികൾക്ക് രാജ്യവ്യാപക സാന്നിദ്ധ്യമുണ്ട്. ലയിച്ചൊന്നാകുന്നതിലൂടെ ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ കമ്പനിക്കും രാജ്യവ്യാപക സാന്നിദ്ധ്യമുണ്ടാകും. അതേസമയം ജീവനക്കാരുടെ സാംസ്‌കാരികമായ വ്യത്യാസങ്ങൾ, ശമ്പള സ്‌കെയിൽ വ്യത്യാസം, തൊഴിലാളി യൂണിയനുകളിൽ നിന്നുള്ള എതിർപ്പ്, വി.ആർ.എസ് സംബന്ധിച്ച ആവശ്യങ്ങൾ എന്നിവ ലയനത്തിന് വെല്ലുവിളി ഉയർത്തും.
ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവ പൂട്ടുകയോ സർക്കാർ ഓഹരികൾ വിൽക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു. ഓഹരി ഭാഗികമായോ പൂർണമായോ വിറ്റൊഴിയുന്നത് കാതലായ ചർച്ചയ്ക്കും വിഷയമായില്ല. ഇരു കമ്പനികളുടെയും വിപണിമൂല്യം താരതമ്യേന കുറവായതിനാൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ ഉണ്ടാകുമോയെന്ന വെല്ലുവിളിയുമുണ്ട്. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നിശ്‌ചിത ഓഹരികൾ വിറ്റഴിക്കാൻ കഴിഞ്ഞവർഷം സർക്കാർ ശ്രമിച്ചെങ്കിലും വാങ്ങാൻ ആരും വന്നിരുന്നില്ല!
കണക്കുകളും വെല്ലുവിളിയും
ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ കമ്പനികളെ ലാഭത്തിലേക്ക് ഉയർത്തുകയാണ് ലയനത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. പക്ഷേ, ടെലികോം രംഗത്ത് മുൻനിരയിലേക്ക് ഉയരാൻ ലയനം ഇവയെ സഹായിക്കുമോ?
മൊബൈൽ നെറ്റ്‌വർക്ക് രംഗത്ത് ഇരു കമ്പനികളുടെയും സംയുക്ത വിപണി വിഹിതം 2019 മാർച്ചിലെ കണക്കുപ്രകാരം 10.3 ശതമാനം മാത്രമാണ്. ഗ്രാമീണ മേഖലയിൽ ബി.എസ്.എൻ.എല്ലിന്റെ ഉപഭോക്തൃ വിഹിതം 7.2 ശതമാനം.
ലാൻഡ്‌ലൈൻ രംഗത്ത് ബി.എസ്.എൻ.എല്ലാണ് ഒന്നാമത്. വിപണി വിഹിതം 66.4 ശതമാനം. പക്ഷേ, മൊത്തം ടെലികോം വിപണിയുടെ രണ്ടു ശതമാനം മാത്രമേയുള്ളൂ ലാൻഡ്‌ലൈൻ. ബ്രോഡ്ബാൻഡ് വിപണിയിൽ 54 ശതമാനം വിഹിതവുമായി ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ മുന്നിലാണ്. എന്നാൽ, ഈ വിഭാഗത്തിൽ നിന്ന് കാര്യക്ഷമമായ വരുമാനം കമ്പനികൾക്ക് കിട്ടുന്നില്ലെന്നാണ് വിലയിരുത്തൽ.
അതായത്, ലയിച്ചൊന്നായാലും ഉപഭോക്തൃ കേന്ദ്രീകൃത ടെലികോം ബിസിനസിൽ ബി.എസ്.എൻ.എൽ-എം.ടി.എൻ.എല്ലിന് വലിയ കുതിപ്പ് നടത്തുക പ്രയാസമാണ്. ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിക്ക് 2016ലെ നിരക്കിൽ 4ജി സ്‌പെക്‌ട്രം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം (ജി.എസ്.ടി ഉൾപ്പെടെ) 24,000 കോടി രൂപ ഇതിനായി സർക്കാർ നീക്കിവയ്‌ക്കും. ഉപഭോക്തൃ വിഹിതത്തിൽ മുന്നേറാൻ 4ജി എത്രത്തോളം ബി.എസ്.എൻ.എല്ലിനെ സഹായിക്കുമെന്ന് കണ്ടറിയണം.
നഷ്‌ടം 14,202 കോടി
ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും 2010 മുതൽ തുടർച്ചയായി കുറിക്കുന്നത് നഷ്‌ടമാണ്. സ്വകാര്യ ടെലികോം കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും 4ജിയുടെ അസാന്നിദ്ധ്യവുമാണ് തിരിച്ചടിയായത്.
ബി.എസ്.എൻ.എൽ കമ്പനിയുടെ 2018-19ലെ നഷ്‌ടം മാത്രം 14,202 കോടി രൂപ.
₹850 കോടി
ശമ്പള വിതരണത്തിനായി മാത്രം പ്രതിമാസം 850 കോടി രൂപയാണ് ബി.എസ്.എൻ.എല്ലിന് വേണ്ടത്. ഇതു പലപ്പോഴും മുടങ്ങി പ്രതിസന്ധിയിലാണ് കമ്പനി.
₹1.76 ലക്ഷം
ബി.എസ്.എൻ.എല്ലിൽ ജീവനക്കാരുടെ എണ്ണം 1.76 ലക്ഷം. എം.ടി.എൻ.എല്ലിന് 22,000 ജീവനക്കാരുണ്ട്.
വളരാം, ബിസിനസ്
സ്ഥാപനമായി
ഉപഭോക്തൃ കേന്ദ്രീകൃതം എന്നതിൽ നിന്നുമാറി, നെറ്റ്‌വർക്കുകളുടെ നെറ്ര്‌വർക്ക് ആകുന്നതിലൂടെ ബി.എസ്.എൻ.എൽ-എം.ടി.എൻ.എല്ലിന് നേട്ടമുണ്ടാക്കാനാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒപ്‌റ്റിക്കൽ ഫൈബറും ടവറുകളും മറ്റ് കമ്പനികൾക്ക് പാട്ടത്തിന് നൽകുന്നതിലൂടെ മികച്ച വരുമാനം നേടാനാകുമെന്നാണ് വിലയിരുത്തൽ.
ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനും സയുക്തമായി 20 ലക്ഷത്തോളം കിലോമീറ്രർ ഒപ്‌റ്രിക്കൽ ഫൈബറുണ്ട്. ഒരുലക്ഷത്തോളം ടവറുകളുമുണ്ട്. ബി.എസ്.എൻ.എല്ലിന്റെ നെറ്ര്‌വർക്ക് സർവീസുകൾക്ക് സ്വകാര്യ കമ്പനികളിൽ നിന്ന് മികച്ച ഡിമാൻഡ് ലഭിക്കുമെന്നും കരുതപ്പെടുന്നു. എന്നാൽ, ഉപഭോക്തൃ കേന്ദ്രീകൃതമായി തന്നെ പൊതുമേഖലാ ടെലികോം കമ്പനികളെ നിലനിറുത്താനാണ് തീരുമാനമെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു.