
കോട്ടയം: ജില്ലാ പൊലീസിന്റെ 'ജിൽ" ആളൊരു ജഗ ജില്ലിയാണ് ! തൃശൂരിലെ പൊലീസ് അക്കാഡമിയുടെ മൈതാനത്ത്, അനിലിന്റെയും ബിജുവിന്റെയും കൈപിടിച്ച് കടന്നു ചെന്ന ജിൽ, സ്വർണവും കടിച്ചെടുത്താണ് മടങ്ങിയത്. അങ്ങിനെ സംസ്ഥാന പൊലീസിന്റെ റേസിംഗ് ഡേ ചാമ്പ്യൻഷിപ്പിൽ ട്രാക്കർ വിഭാഗത്തിൽ ഒന്നാം സ്ഥാനവുമായി, മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽ നിന്നു കേരളപ്പിറവി ദിനത്തിൽ മെഡൽ ഏറ്റുവാങ്ങും. ഒപ്പം പഞ്ചാബിൽ നടക്കുന്ന ദേശീയ മീറ്റിലേയ്‌ക്കുള്ള ടിക്കറ്റും ജിൽ പോക്കറ്റിലാക്കി.
കോട്ടയം പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ വിഭാഗത്തിൽപ്പെട്ട ലാബ്രഡോർ നായയാണ് ആറു വയസുകാരൻ ജിൽ. നേരത്തെ സംസ്‌ഥാന പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ്‌ക്കൾക്കായി ഡ്യൂട്ടി മീറ്റാണ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ മുതൽ ഇതിനു പകരമായി റേസിംഗ് ഡേ ചാമ്പ്യൻഷിപ്പായിരുന്നു. നായ്‌ക്കളെ ഡ്യൂട്ടിയുടെ അടിസ്ഥാനത്തിൽ ട്രാക്കർ, സ്‌നിഫർ, നർക്കോട്ടിക്, എക്‌സ്‌പ്ലോസീവ് എന്നിങ്ങനെ നാലായി തിരിച്ചായിരുന്നു മത്സരം. കള്ളന്മാരെ മണം പിടിച്ചു കണ്ടുപിടിക്കുന്നതിൽ പരിശീലനം ലഭിച്ച ട്രാക്കർ വിഭാഗത്തിൽപ്പെട്ട ജിൽ 400 ൽ 385 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.