തിരുച്ചിറപ്പള്ളി: കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. കുഴൽക്കിണറിൽ വീണ് 48 മണിക്കൂർ പിന്നിട്ട ശേഷവും ശ്രമങ്ങൾ ഇതുവരെ ഫലംകണ്ടില്ല. കുഴൽക്കിണറിന് ഒരു മീറ്റർ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതൽല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ചാണ് കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുക്കുന്നത്.
പുലർച്ചെ ആറ് മണി മുതലാണ് സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിംഗ് തുടങ്ങിയത്. പാറ നിറഞ്ഞ പ്രദേശമായതിനാൽ അത്യാധുനിക ഡ്രില്ലിംഗ് റിഗ് ഉപയോഗിച്ചിട്ടും പുതിയ കുഴിയെടുക്കൽ ഏറെ ദുർഘടമാണെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെ ഏഴുമണി മുതൽ കുഴിയെടുക്കാൻ തുടങ്ങിയിട്ടും ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ മുപ്പതടിയോളം താഴ്ചയിൽ മാത്രമേ കുഴിയ്ക്കാൻ കഴിഞ്ഞിട്ടുള്ളുവെന്ന് അധികൃതർ പറഞ്ഞു. മണിക്കൂറിൽ മൂന്നടി മാത്രമാണ് കുഴിയ്ക്കാൻ കഴിയുന്നതെന്നും കട്ടിയേറിയ പാറ കുഴിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ഇവർ പറയുന്നു.
ഇതിനിടെ ശക്തമായ പാറക്കല്ലുകൾ കാരണം ഒരു ഡ്രില്ലിംഗ് മെഷീൻ തകരാറിലാവുകയും ചെയ്തു. ഇപ്പോഴത്തെ ശ്രമങ്ങൾ ഫലം കണ്ടില്ലെങ്കിൽ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് തമിഴ്‍നാട് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോഷം ആളിപ്പടരുകയാണ്. ഇത് സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സ്ഥലത്തുണ്ട്. ചീഫ് സെക്രട്ടറിയും അപകട സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്.