ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗറി ജില്ലയിലെ നിയന്ത്രണരേഖയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ആദ്യമായിട്ടാണ് മോദി സംസ്ഥാനം സന്ദർശിക്കുന്നത്. കരസേനാമേധാവി ബിപിൻ റാവത്ത്, നോർത്തേൺ സേനാമേധാവി ലഫ്. ജനറൽ രൺബിർ സിംഗ് എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. സൈനികർക്ക് മധുരം വായിൽ വച്ചുനൽകുന്ന ചിത്രങ്ങളും ട്വിറ്ററിൽ പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. മടങ്ങുന്നതിന് മുമ്പ് പത്താൻകോട്ടിലെ വ്യോമസേന താവളത്തിലെത്തിയും മോദി സൈനികരുമായി സംസാരിച്ചു.
കാശ്മീരിൽ ഇന്ത്യൻ സൈന്യം ആദ്യമായെത്തിയ ദിവസത്തിന്റെ വാർഷികാഘോഷവും ഇന്നലെ നടന്നു. പാക് സൈന്യവും സായുധ സംഘങ്ങളും ചേർന്ന് കാശ്മീരിനെ ആക്രമിച്ച 1947ലാണ് ഇന്ത്യൻ സൈന്യം ആദ്യമായി കാശ്മീരിലെത്തുന്നത്. കാശ്മീരിലെ ഭരണകൂടം ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയതോടെ പാകിസ്ഥാൻ പിന്മാറുകയായിരുന്നു.
കഴിഞ്ഞ വർഷം മോദിയുടെ ദീപാവലി ആഘോഷം ഇന്തോ-ടിബറ്റൻ സൈനികർക്കൊപ്പം ഉത്തരാഖണ്ഡിലായിരുന്നു. 2017ൽ ജമ്മുകാശ്മീരിലെ ഗുരേസ് വാലിയിലായിരുന്നു ആഘോഷം. 2016ൽ ഹിമാചൽ പ്രദേശ് അതിർത്തിയിലെ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. 2015ൽ പഞ്ചാബ് അതിർത്തിയിലായിരുന്നു. 2014ൽ സിയാച്ചിനിലെ സൈനികർക്കൊപ്പമാണ് മോദി ആഘോഷിച്ചത്.