ktm

സ്‌പോർ‌ട്‌സ് ബൈക്ക് പ്രേമികളായ യുവാക്കളുടെ ഇഷ്‌ട ബ്രാൻഡാണ് കെ.ടി.എം ഡ്യൂക്ക്. മികച്ച പെർഫോമൻസിനൊപ്പം ആഡംബരവും കോർത്തിണക്കി കെ.ടി.എം ഇന്ത്യയിൽ അവതരിപ്പിച്ച പുത്തൻ മോഡലാണ് 790 ഡ്യൂക്ക്. ഡ്യൂക്കിന്റെ മറ്റ് മോഡലുകളായ 390 ഡ്യൂക്ക്, 1290 സൂപ്പർ ഡ്യൂക്ക് ആർ എന്നിവയ്ക്ക് മദ്ധ്യത്തിലായാണ് പുത്തൻ മോഡലിന്റെ ലൈനപ്പ്.

തനത് 'ഡ്യൂക്ക്" രൂപകല്‌പനാ ശൈലി തന്നെയാണ് 390 ഡ്യൂക്കിലും കാണാനാവുക, എങ്കിലും അത് മനോഹരമാണ്. പൗരുഷ ഭാവവും സ്‌പോ‌ർട്ടീ സ്‌റ്റൈലും ബൈക്കിനെ ആകർഷകമാക്കുന്നുണ്ട്. സ്‌പ്ളിറ്ര് എൽ.ഇ.ഡി ഹെഡ്‌ലാമ്പാണ് മുൻഭാഗത്തെ ആകർഷണം. കൊത്തിവച്ച ശില്‌പം പോലെയുള്ള ഇന്ധനടാങ്കും സുന്ദരമാണ്. 169 കിലോഗ്രാം മാത്രമാണ് ബൈക്കിന്റെ മൊത്തഭാരം. ഇത്, റൈഡിംഗ് സുഖകരമാക്കും. രണ്ടുമീറ്ററാണ് മൊത്തം നീളം. സീറ്റുയരം 825 എം.എം. വീൽബെയ്‌സ് 1,475 എം.എം.

ലിക്വിഡ് കൂളായ, 8-വാൽവ്, 4-സ്‌ട്രോക്ക് 799 സി.സി, ഡി.ഒ.എച്ച്.സി എൽ.സി8 എൻജിനാണുള്ളത്. 103.5 ബി.എച്ച്.പിയാണ് കരുത്ത്. ഉയർന്ന ടോർക്ക് 87 എൻ.എം. ഗിയറുകൾ 6. വൈബ്രേഷൻ പൂർണമായും ഒഴിവാക്കുന്ന സാങ്കേതികവിദ്യയോടെയാണ് എൻജിൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്, ഉയർന്ന വേഗതയിലും ബൈക്കിനുമേൽ മികച്ച നിയന്ത്രണം സാദ്ധ്യമാക്കും. കരുത്തുറ്റ പ്രവർത്തനം കാഴ്‌ചയ്ക്കുന്നതിനാൽ 790 ഡ്യൂക്കിന് കെ.ടി.എം 'സ്‌കാൽപെൽ" (മൂർച്ചയേറിയ ആയുധം) എന്ന ഓമനപ്പേര് നൽകിയിട്ടുമുണ്ട്.

റെയിൻ, സ്‌പോ‌ർട്ട്, റേസ്, ട്രാക്ക് തുടങ്ങിയ റൈഡിംഗ് മോഡുകളും 790 ഡ്യൂക്കിലുണ്ട്. മികവുറ്റ ടി.എഫ്.ടി ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, 9 വിധത്തിൽ ക്രമീകരിക്കാവുന്ന ട്രാക്‌ഷൻ കൺട്രോൾ, മികച്ച സസ്‌പെൻഷനുകൾ, ഡ്യുവൽ ചാനൽ എ.ബി.എസ് തുടങ്ങിയ മികവുകളും കാണാം. 8.63 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.