തൃശ്ശൂർ: സംവിധായകൻ ശ്രീകുമാർ മേനോൻ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താൻ ശ്രമിച്ചുവെന്നും മഞ‌്ജുവാര്യർ പൊലീസിന് മൊഴി നൽകി. സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിലാണ് മഞ്ജുവാര്യരുടെ മൊഴിയെടുത്തത്. തൃശൂരിലെ പൊലീസ് കേന്ദ്രത്തിൽ വച്ചായിരുന്നു മൊഴിയെടുക്കൽ. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീകുമാർ മേനോന്റെ പല പ്രവർത്തനങ്ങളെന്നും മഞ്ജുവിന്റെ മൊഴിയിലുണ്ട്.
മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ ബുധനാഴ്ചയാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസിന് ഭംഗം വരുത്തൽ, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഡി.ജി.പിയ്ക്ക് മഞ്ജു വാര്യർ നൽകിയ പരാതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലിലേക്ക് കൈമാറുകയായിരുന്നു.
അന്വേഷണത്തിന്റെ ആദ്യ പടിയായിട്ടാണ് മഞ്ചു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയുടെെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടർനടപടി. .ഒരാഴ്ചക്ക് അകം ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള ‘പുഷ്’ കമ്പനിയുമായുളള കരാർ പ്രകാരം 2013 മുതൽ നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2017 ൽ കരാർ റദ്ദാക്കിയതിന്റെ വിദ്വേഷത്തിൽ സമൂഹത്തിൽ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാർ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ് പരാതിയിൽ മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.