തൊടുപുഴ: കേരളത്തിന്റെ സാമൂഹ്യപുരോഗതിയിൽ വലിയ പങ്കുവഹിച്ച പത്രമാണ് കേരളകൗമുദിയെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. നവീകരിച്ച കേരളകൗമുദി ഇടുക്കി ജില്ലാ ബ്യൂറോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രാധിപരെന്ന് പറഞ്ഞാൽ അത് കെ. സുകുമാരൻ മാത്രമായിരുന്നു. സാമൂഹ്യ നീതി നിഷേധിക്കപ്പെട്ടപ്പോഴെല്ലാം സി.വി. കുഞ്ഞുരാമനും കെ. സുകുമാരനും ശബ്ദമുയർത്തി. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ അവർ പത്രത്തിലൂടെ പോരാടി. ആ വേറിട്ട നിലപാട് തുടരുന്ന പത്രമാണ് കേരളകൗമുദി. കേരളത്തെ ഇന്നത്തെ നിലയിൽ എത്തിക്കുന്നതിൽ കേരളകൗമുദി വഹിച്ച പങ്ക് വളരെ വലുതാണ്. പത്രമാദ്ധ്യമങ്ങൾക്കിടയിൽ ഇന്നും കേരളകൗമുദിക്ക് ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തൊടുപുഴ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ വി. ജയേഷ്, എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, തൊടുപുഴ അർബൻ ബാങ്ക് പ്രസിഡന്റ് വി.വി. മത്തായി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ഇന്ദു സുധാകരൻ, ഇടുക്കി പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, ഇടുക്കി പ്രസ്‌ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി എന്നിവർ സംസാരിച്ചു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് സ്വാഗതവും ജില്ലാ ലേഖകൻ അഖിൽ സഹായി നന്ദിയും പറഞ്ഞു.