vs-achuthanandan

പാലക്കാട്: തെളിവുകളുടെ അഭാവത്തിൽ വാളയാറിൽ പീഡനത്തിന് ഇരയായ ദളിത് പെൺകുട്ടികൾ മരിച്ച കേസിൽ പ്രതികളെ വിട്ടയച്ചത് വിവാദമാവുകയാണ്. സംഭവത്തിൽ പൊലീന് വീഴ്ച പറ്റിയെന്നും പ്രതികളെ സഹായിക്കാനാണ് അവർ ശ്രമിച്ചെതെന്നും വിവിധ ഭാഗങ്ങളിൽ നിന്ന് ആരോപണമുയരുന്നുണ്ട്. മാത്രമല്ല പൊലീസിന്റെ വീഴ്ചയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.ഐ നേതാവ് ആനിരാജയുമടക്കം നേതാക്കൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ അന്ന് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

വാളയാർ പീഡനക്കേസിൽ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു വി.എസിന്റെ പ്രസ്താവന. കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് വി.എസ് പറഞ്ഞത്. നീതികേട് കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണം. കേസിൽ പ്രതികൾക്ക് വേണ്ടിയാണ് പൊലീസ് പ്രവർത്തിച്ചത്. പ്രതികളുമായി ചേർന്ന് നേട്ടമുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പെൺകുട്ടികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വി.എസ് പറഞ്ഞു. പെൺകുട്ടികളുടെ മരണം സംഭവച്ചതിന് ശേഷം 2017ൽ കുട്ടികളുടെ വീട്ടിലെത്തി മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

സ്വന്തം സർക്കാരിനെതിരെ വി.എസ് അന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ വി.എസ് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. പൊലീസിന്റെ അനാസ്ഥയിൽ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിടുകയാണ് ചെയ്തത്. അതേസമയം വാളയാർ പീഡനക്കേസിൽ തെളിവുകിട്ടിയാൽ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ഡ‌ി.ഐ.ജിയുടെ റിപ്പോർട്ടിന് ശേഷം ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തും. പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡി.ഐ.ജി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കേസ് നടത്തിപ്പിലെ വീഴ്ച പ്രേസിക്യൂഷൻ ഡയറക്ടർ ജനറൽ അന്വേഷിക്കുമെന്നും ബാലൻ വ്യക്തമാക്കി.