കൊച്ചി: ഐശ്വര്യവർഷമായ 'സംവത്-2076"ലേക്ക് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ ചുവടുവച്ചു. പുതുവർഷാരംഭത്തിന് തുടക്കമിട്ട് ഇന്നലെ വൈകിട്ട് 6.15 മുതൽ ഒരു മണിക്കൂർ നേരത്തേക്ക് നടന്ന മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്‌സും നിഫ്‌റ്റിയും കൊയ്‌തത് മികച്ച നേട്ടം. ഒരുവേള 400ലേറെ പോയിന്റ് മുന്നേറിയ സെൻസെക്‌സ് വ്യാപാരാന്ത്യം 192 പോയിന്റ് നേട്ടവുമായി 39,250ലാണുള്ളത്. നിഫ്‌റ്റി ഒരിടവേളയ്ക്ക് ശേഷം 11,600 പോയിന്റുകൾ മറികടക്കുന്നതിനും മുഹൂർത്ത വ്യാപാരം സാക്ഷിയായി.

വ്യാപാരാന്ത്യം 43 പോയിന്റ് നേട്ടവുമായി 11,627ലാണ് നിഫ്‌റ്റി. ടാറ്രാ മോട്ടോഴ്‌സ് (18 ശതമാനം), യെസ് ബാങ്ക് (5.2 ശതമാനം), വേദാന്ത (2.18 ശതമാനം), ഇൻഫോസിസ് (1.98 ശതമാനം), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (1.69 ശതമാനം) എന്നിവയാണ് മുഹൂർത്ത വ്യാപാരത്തിൽ മികച്ച പ്രകടനം നടത്തിയ മുൻനിര ഓഹരികൾ. കഴിഞ്ഞവർഷം ദീപാവലി മുതൽ ഇക്കുറി ദീപാവലിവരെ സെൻസെക്‌സ് കൈവരിച്ച നേട്ടം 4,258 പോയിന്റാണ്. നിഫ്‌റ്റി 1,096 പോയിന്റും മുന്നേറി.

ഏഷ്യയിലെ ഏറ്റവും പഴയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ സെൻസെക്‌സ് 1957 മുതൽ മുഹൂർത്ത വ്യാപാരം നടത്തുന്നുണ്ട്. നിഫ്‌റ്രിയിൽ മുഹൂർത്ത വ്യാപാരത്തിന് തുടക്കമായത് 1992ലാണ്. ഐശ്വര്യദേവതയായ ലക്ഷ്‌മി ദേവിക്ക് പ്രത്യേക പൂജകൾ അർപ്പിച്ചാണ് ഇന്നലെ വ്യാപാരത്തിന് തുടക്കമായത്. ബി.എസ്.ഇ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ആശിഷ് ചൗഹാനും പത്നിയും ലക്ഷ്‌മി പൂജയ്ക്ക് നേതൃത്വം നൽകി.

മുഹൂർത്ത വ്യാപാരങ്ങളിലൂടെ

 സംവത് 2071 മുഹൂ‌ർത്ത വ്യാപാരം: സെൻസെക്‌സ് 63 പോയിന്റും നിഫ്‌റ്റി 18 പോയിന്റും ഉയർന്നു

 സംവത് 2072: സെൻസെക്‌സിന്റെ നേട്ടം 123 പോയിന്റ്. നിഫ്‌റ്റി 41 പോയിന്റ്

 2073: സെൻസെക്‌സ് 11 പോയിന്റും നിഫ്‌റ്റി 12 പോയിന്റും നഷ്‌ടം കുറിച്ചു

 2074: സെൻസെക്‌സിന്റെ നഷ്‌ടം 194 പോയിന്റ്. നിഫ്‌റ്റി 64 പോയിന്റും ഇടിഞ്ഞു

 2075: സെൻസെക്‌സ് 245 പോയിന്റും നിഫ്‌റ്റി 68 പോയിന്റും ഉയർന്നു

 2076: സെൻസെക്‌സ് 192 പോയിന്റും നിഫ്‌റ്റ് 43 പോയിന്റും നേട്ടം കൊയ്‌തു