കൊച്ചി: കത്വ, ഉന്നാവോ പീഡനക്കേസിൽ നടന്ന അതേ അട്ടിമറിയാണ് വാളയാറിലും സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകൾ ശേഖരിക്കാതെ,പ്രതികളെ രക്ഷിക്കാൻ നടത്തിയ അന്വേഷണ പ്രഹസനമാണ് വാളയാറുണ്ടായത്. രണ്ട് സഹോദരിമാരുടെ കേസന്വേഷണം വഴിതെറ്റിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കത്തുവ, ഉന്നാവോ എന്നിവിടങ്ങളിൽ നടന്ന അതേ അട്ടിമറിയാണ് വാളയാറും സംഭവിച്ചത്. ഈ അനീതിക്കെതിരെ മലയാളികൾക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. പുനരന്വേഷണം കൂടിയേ തീരൂ. അതും സ്വതന്ത്ര ഏജൻസിയെ കൊണ്ടായിരിക്കണം അന്വേഷിപ്പിക്കേണ്ടത്- അദ്ദേഹം കുറിച്ചു.
വാളയാറിൽ പീഡനത്തെ തുടർന്ന് രണ്ടുപെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസിൽ നാലുപ്രതികളെയും വെറുതവിട്ടതോടെ അന്വേഷണ സംഘത്തിന് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് നാല് പ്രതികളെയും കോടതി വെറുതെ വിട്ടത്. 2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
അസ്വാഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈ.എസ്.പിക്ക് കേസ് കൈമാറുകയായിരുന്നു. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. .