
മുംബയ്: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യം ശിവസേന കടുപ്പിച്ചതിന് പിന്നാലെ ബി.ജെ.പിക്ക് തലവേദനയുണ്ടാക്കുന്ന പ്രസ്താവനകളുമായി സേനാ നേതാക്കൾ രംഗത്ത്. അധികാരത്തിന്റെ റിമോട്ട് കൺട്രോൾ തങ്ങളായിരിക്കുമെന്ന് മുതിർന്ന ശിവസന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു.
ഇത്തവണ ശിവസേനയ്ക്ക് 56 സീറ്റുകളാണ് മഹാരാഷ്ട്രയിൽ ലഭിച്ചത്. എന്നിരുന്നാലും അധികാരത്തിന്റെ റിമോട്ട് കൺട്രോൾ നമുക്കായിരിക്കും. ശിവസേനയെ ബി.ജെ.പിക്ക് പിന്നിൽ വലിച്ചിഴക്കാമെന്ന സ്വപ്‌നവും തിരഞ്ഞെടുപ്പ് ഫലത്തോടെ തകർന്നെന്നും സഞ്ജയ് റാവത്ത് പാർട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ കോളത്തിൽ വ്യക്തമാക്കി.
അധികാരം പങ്കിടാമെന്ന ഉറപ്പ് എഴുതി നല്‍കണമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പിയോട് ശിവസേനാ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും ഉണ്ടാക്കിയ 50:50 എന്ന ധാരണ പാലിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബർ 30ന് ചേരുന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിന് ശേഷം അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
2014-ൽ 122 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 105 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണ ബി.ജെ.പി സഖ്യത്തിന് 200 സീറ്റുകൾക്ക് മുകലിൽ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിത തിരിച്ചടിയാണ് ഫലം വന്നപ്പോൾ ലഭിച്ചത്. കോൺഗ്രസ് 44 ഉം എൻ.സി.പി 54 ഉം സീറ്റുകൾ നേടി.