കോഴിക്കോട്: കൂടത്തായി കൊലപാതകകേസിൽ ജോളിയുടെ പിതാവിന്റെ നിർണായക വെളിപ്പെടുത്തൽ. അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ജോളിയുടെ പിതാവും സഹോദരങ്ങളും വെളിപ്പെടുത്തൽ നടത്തിയത്. ദുരൂഹമരണങ്ങളിലെ സംശയമുന തന്നിലേക്ക് നീളുകയും കല്ലറ തുറക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ പിതാവ് ജോസഫിനോടും സഹോദരങ്ങളോടും ആറുപേരെയും താൻ കൊന്നതായി ജോളി പറഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
കൊലപാതകങ്ങളെകുറിച്ച് ജോളി പറഞ്ഞതോടെ താൻ ഞെട്ടിയതായും മോളുടെ ഭാവിയോർത്തു താൻ ഇതു പുറത്തുപറഞ്ഞില്ലെന്നും പിതാവ് ജോസഫ് ഞായറാഴ്ച ഡിവൈ.എസ്.പി ആർ. ഹരിദാസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വെളിപ്പെടുത്തൽ കഴിഞ്ഞു ദിവസങ്ങൾക്കകം തന്നെകേസിൽ ജോളിയെ അറസ്റ്റുചെയ്തതായും ഇവർ പറഞ്ഞു.
ജോളിയുടെ സഹോദരങ്ങളും ഇക്കാര്യങ്ങൾ സമ്മതിച്ചു. താൻ പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ ബന്ധുക്കളിൽനിന്നു സഹായം പ്രതീക്ഷിച്ചായിരുന്നു ജോളിയുടെ വെളിപ്പെടുത്തലെന്നും അവർ പറഞ്ഞു. കേസിൽ നിർണായകമായേക്കാവുന്ന മൊഴിയാണു ജോളിയുടെ ബന്ധുക്കളിൽനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
അതേസമയം കൊലപാതക പരമ്പരയിൽ ജോളിയുടെ പിതാവിനോ മറ്റുബന്ധുക്കൾക്കോ നേരിട്ടുബന്ധമില്ലെന്നും പൊലീസ് പറയുന്നു.