sister-lucy
SISTER LUCY KALAPPURA

കൽപ്പറ്റ: സഭയിൽ നിന്ന് നീതി ഉറപ്പാക്കണമെന്ന അപേക്ഷയുമായി സിസ്റ്റർ ലൂസി കളപ്പുര മാർപാപ്പയ്ക്ക് കത്തയച്ചു. എഫ്.സി.സി സന്യാസിനി സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ നേരിട്ട് വിശദീകരണം നൽകാൻ അനുമതി തേടിയാണ് സിസ്റ്റർ ലൂസിയുടെ കത്ത്.

സഭാചട്ടങ്ങൾക്ക് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ തന്നെ തെറ്റുകാരിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും കത്തിൽ പറയുന്നു. പുറത്താക്കൽ നടപടിക്കെതിരെ സിസ്റ്റർ ലൂസി സമർപ്പിച്ച അപ്പീൽ വത്തിക്കാൻ തള്ളിയതോടെയാണ് നേരിൽ വിശദീകരണം നൽകാനുള്ള അനുമതിക്ക് അപേക്ഷിച്ച് റോമിലേക്ക് കത്തയച്ചത്.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ നൽകാൻ സഭ തയ്യാറാകണം. അവരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുകയും വേണം; കത്തിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ 16നാണ് സിസ്റ്റർ ലൂസിയുടെ അപ്പീൽ തള്ളിയതായി അറിയിച്ച് വത്തിക്കാനിൽ നിന്ന് സന്ദേശം ലഭിച്ചത്.