
വാഷിംഗ്ടൺ:അമേരിക്കയുടെ അഭിമാനം തകർത്തുകൊണ്ട് ലോകവ്യാപാര കേന്ദ്രം വിമാനങ്ങൾ ഇടിച്ചു കയറ്റി തവിടുപൊടിയാക്കിയത് അൽ ക്വ ഇദ ഭീകരൻ ബിൻ ലാദനായിരുന്നു. ആ ബിൻ ലാദനെ പാകിസ്ഥാൻ ഒളിപ്പിച്ച അബോട്ടാ ബാദിൽ ഒരു പാതിരാത്രി കമാൻഡോകളെ ഇറക്കിയാണ് അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമ വധിച്ചത്. ഇപ്പോൾ സമാനമായ ഒരു ഓപ്പറേഷനിലൂടെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വേട്ടയാടിയത്.
ലോകത്ത് ഭീകരതയുടെ വിത്തുകൾ പാകി വിലസിയ ഐസിസ് ബാഗ്ദാദിയുടെ അവസാനത്തിനായി അമേരിക്ക നടത്തിയത് ബിൻലാദൻ വധത്തിന് ശേഷമുള്ള ഏറ്റവും വലിയ തയാറെടുപ്പുകളും സൈനികനീക്കങ്ങളുമാണ്. സിറിയയിലെ സൈനികരെ പിൻവലിക്കാനുളള തീരുമാനത്തെത്തുടർന്ന് ഡെമോക്രാറ്റിക്, റിപ്പബ്ളിക്കൻ പാർട്ടികളിൽ നിന്ന് ഒരുപോലെ വിമർശനം നേരിടുമ്പോഴാണ് നിർണായകമായ പുതിയ നീക്കം. യു.എസ് സേന സിറിയയിൽ നിന്ന് പിൻമാറിയതാണ് തുർക്കി അമേരിക്കയുടെ സഖ്യകക്ഷിയായ കുർദ്ദുകളെ ആക്രമിക്കാൻ കാരണമായതെന്ന് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഒരുപോലെ വിമർശിച്ചിരുന്നു. യു. എസ് പിന്മാറ്റം
ഐസിസ് ഭീകരതയ്‌ക്ക് കരുത്തേകുമെന്നും വിമർശനമുയർന്നു. എന്നാൽ സിറിയയിൽ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റം ഐസിസ് ഭീകരരെ പുറത്തു കൊണ്ടു വരാനുള്ള തന്ത്രമായിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
അമേരിക്കൻ പിന്മാറ്റത്തോടെ സിറിയയിൽ ഐസിസ് വീണ്ടും ശക്തി പ്രാപിക്കുമെന്നായിരുന്നു രാജ്യാന്തര തലത്തിലെ ആശങ്ക. ഐസിസ് തലപ്പത്തെ ഭീകരരെ പിടികൂടാൻ യു.എസ് വല വിരിക്കുകയായിരുന്നു. യു..എസ് പിന്മാറ്റത്തോടെ ഐസിസ് തലവന്മാർ രഹസ്യകേന്ദ്രങ്ങളിൽ നിന്ന് അനുയായികളുമായി ആശയവിനിമയം നടത്തുന്നതു ശക്തമാക്കിയിരുന്നു. ഇതു നിരീക്ഷിച്ചാണ് യു.എസ് ഇന്റലിജൻസിന്റെ പ്രത്യാക്രമണം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുനേരെ ഇംപീച്മെന്റിന്റെ പേരിൽ ഡെമോക്രാറ്റുകൾ ഉയർത്തുന്ന ഭീഷണിക്കെതിരെ പിടിവള്ളിയായിരിക്കുകയാണ് ബാഗ്ദാദിയുടെ മരണം.
ഹംസ ബിൻലാദന് പിന്നാലെ
അമേരിക്ക വധിച്ച അൽ ക്വ ഇദ തലവൻ ഒസാമ ബിൻലാദന്റെ മകൻ കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ സെപ്തംബർ 14നാണ്. അമേരിക്കൻ സൈന്യം പാക് – അഫ്ഗാൻ മേഖലയിൽ നടത്തിയ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഹംസ കൊല്ലപ്പെട്ടത്. ബിൻ ലാദന്റെ 20 മക്കളിൽ 15ാമത്തെയാളായിരുന്നു ഹംസ. ലാദന്റെ മൂന്നാം ഭാര്യയിലെ മകനാണ്.
ഒബാമ കാലത്ത് കൊല്ലപ്പെട്ട ബിൻലാദൻ
അൽ ക്വ ഇദ തലവൻ ഒസാമ ബിൻലാദനെ വധിക്കാനാണ് ഇതിന് മുമ്പ് അമേരിക്ക വലിയ പദ്ധതികൾ തയാറാക്കി നടപ്പിലാക്കിയത്. ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴായിരുന്നു അത്. അമേരിക്ക നടത്തിയ കമാൻഡോ ഓപ്പറേഷൻ ജിറാനിമോ യിൽ പാകിസ്ഥാനിലെ ഇസ്ളാമാബാദിനടുത്തുള്ള അബോട്ടാബാദിലെ ഒളിത്താവളത്തിൽ നിന്നായിരുന്നു 2011 മേയ് 9 ന് ആ വാർത്ത ലോകം കേട്ടത്.
2010മുതൽ ഐസിസിനെ നയിക്കുന്നു
ബാഗ്ദാദി ഏറെക്കാലമായി സിറിയ - ഇറാക്ക് അതിർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു
ഐസിസിന്റെ പ്രതാപകാലത്ത് അവരുടെ സ്വാധീനം വടക്കൻ സിറിയയിൽ തുടങ്ങി യൂഫ്രട്ടീസ്, ടൈഗ്രീസ് താഴ്‌വരയിലെ നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും മുതൽ ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിന്റെ പ്രാന്തപ്രദേശങ്ങൾ വരെ ദശലക്ഷക്കണക്കിന് ജനസംഖ്യയുള്ള വിശാലമായ ഭൂപ്രദേശത്ത് വ്യാപിച്ചിരുന്നു.
ഇറാക്കിലെ മൊസൂളും സിറിയയിലെ റാക്കയും ഐസിസിന്റെ ശക്തിദുർഗ്ഗങ്ങൾ ആയി.
സ്വന്തം കാലിഫേറ്റ് പോലെ ബാഗ്ദാദി ഈ മേഖലകൾ അടക്കി ഭരിച്ചു
2017ൽ മൊസൂളും റാഖയും അമേരിക്കൻ സഖ്യസേന പിടിച്ചെടുത്തു.
അതോടെ കാലിഫിന്റെ ഭരണാധികാരങ്ങൾ നഷ്‌ടപ്പെട്ട ബാഗ്ദാദി നിരന്തരം പലായനത്തിലായി. ഇറാക്ക് - സിറിയ അതിർത്തിയിലെ മരുപ്രദേശത്തായിരുന്നു ആദ്യകാല താവളം.