ചെന്നൈ: ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ ഗോൾരഹിത സമനിലയിൽ തളച്ച ചെന്നൈയിൻ എഫ്.സി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ആറാം സീസണിലെ ആദ്യ പോയിന്റ് കരസ്ഥമാക്കി.
ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് മുംബൈ സിറ്റിയെ സമനിലയിൽ കുരുക്കിയത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപിച്ച മുംബൈയ്ക്ക് ഈ മികവ് ചെന്നൈയിന് എതിരേ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
ചെന്നൈയിനോടു സമനില വഴങ്ങിയെങ്കിലും ഒരു പോയിന്റ് സ്വന്തമാക്കിയ മുംബൈ രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അത്രതന്നെ പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് രണ്ടാമത്. ആദ്യ പോയിന്റ് ലഭിച്ച ചെന്നൈയിൻ ഒരു പടവ് കയറി എട്ടാമതായി.
അവസരങ്ങൾയഥേഷ്ടം തുലച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. മത്സരത്തിന്റെ അവസാന മിനിറ്റില്‍ സൗവിക് ചക്രവർത്തി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി.
ആക്രമണത്തിൽ മികച്ചു നിന്ന ചെന്നൈയിനെതിരേ മുംബൈയ്ക്ക് രക്ഷയൊരുക്കിയത് ഗോൾകീപ്പർ അമരീന്ദർ സിംഗിന്റെ മെയ്‌വഴക്കമാണ്. ഗോളെന്നുറച്ച നാല് അവസരങ്ങളാണ് അമരീന്ദർ തടുത്തിട്ടത്.
ആദ്യ മത്സരത്തിൽ എഫ്.സി ഗോവയോട് ദയനീയമായി പരാജയപ്പെട്ട ശേഷം ചെന്നൈയിന്റെ തിരിച്ചുവരവാണ് ഇന്നലെ കണ്ടത്.