trump-

വാഷിംഗ്‌ടൺ: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് വിവരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അൽബാഗ്ദാദിയുടെ മരണം ഒരു ഭീരുവിനെ പോലെയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഒരു നായയെ പോലെ, അല്ലെങ്കിൽ ഒരു ഭീരുവിനെ പോലെയാണ് അയാൾ മരിച്ചതെന്ന് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാൻ വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.

യു.എസ് സൈന്യം പിന്തുടരുന്നതറിഞ്ഞ ബാഗ്ദാദി അയാളുടെ മൂന്നുമക്കളോടൊപ്പം ഒരു ടണലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. നിലവിളിച്ചും അലറിക്കരഞ്ഞും അയാൾ ഓടി. അതിനുള്ളിൽവച്ചാണ് സ്വയം പൊട്ടിത്തെറിച്ചത്. ബാഗ്ദാദിയോടൊപ്പം ഉണ്ടായിരുന്ന മൂന്നുമക്കളും മരിച്ചു, ട്രംപ് വ്യക്തമാക്കി.

സ്‌ഫോടനത്തിൽ ബാഗ്ദാദിയുടെ ശരീരം ചിന്നിച്ചിതറി. പരിശോധനകൾക്ക് ശേഷമാണ് ബാഗ്ദാദി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.

ബാഗ്ദാദി ഒളിവിൽ കഴിഞ്ഞിരുന്ന മേഖല അമേരിക്കൻ സൈന്യം പൂർണമായും വളഞ്ഞിരുന്നു. തുടർന്ന് ബാഗ്ദാദി തന്റെ മൂന്നുമക്കളെയും കൂട്ടി ടണലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന നായ്ക്കൾ അയാളെ പിന്തുടർന്നു. ടണലിന്റെ അവസാനമെത്തിയപ്പോൾ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു.

യു.എസ്. സ്‌പെഷ്യൽ ഓപ്പറേഷൻ ഫോഴ്‌സാണ് ഏറെ അപകടരവും വെല്ലുവിളി നിറഞ്ഞതുമായ ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. സൈനിക നടപടിയിൽ യു.എസിന് ആൾനാശമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ ബാഗ്ദാദിക്കൊപ്പം നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ബാഗ്ദാദി അമേരിക്കയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ബാഗ്ദാദിക്കെതിരായ മൂന്ന് ദൗത്യങ്ങള്‍ അവസാനനിമിഷങ്ങളില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഇതിനുശേഷമാണ് ബാഗ്ദാദിയെ കുരുക്കിയ ദൗത്യം വിജയകരമായി നടപ്പാക്കിയത്. ദൗത്യത്തിനിടെ റഷ്യൻ വ്യോമപാതയിലൂടെ യു.എസ്. ദൗത്യസംഘം സഞ്ചരിച്ചെന്നും ദൗത്യത്തിന്റെ ഓരോനിമിഷങ്ങളും വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിലിരുന്ന് താന്‍ വീക്ഷിച്ചെന്നും ട്രംപ് വിശദീകരിച്ചു.