റിയാദ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാംസൗദി സന്ദർശനത്തിനായി നാളെ രാത്രി റിയാദിലെത്തും. 29, 30, 31 തീയതികളിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. പ്രധാനമന്ത്രി 29ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.
ഊർജം, സാമ്പത്തികം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളിൽ ഇന്ത്യ -സൗദി വ്യാപാര കരാറുകൾ ഒപ്പുവയ്ക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിൽ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടർ നടപടികൾക്കുള്ള കരാറും ഒപ്പുവയ്ക്കുമെന്നാണു സൂചന. റുപേ കാർഡിന്റെ സൗദി ഉദ്ഘാടനവും ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി നിർവഹിക്കും.
സൗദിയിലെ വിവിധ മന്ത്രിമാരെയും പ്രധാനമന്ത്രി കാണും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഉന്നത തല സംഘം പ്രത്യേക കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്.