തിരുവനന്തപുരം: വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായ സഹോദരിമാരായ ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് വി.എസ്. അച്യുതാനന്ദൻ രണ്ടു വർഷം മുമ്പ് പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു. പെൺകുട്ടികളുടെ മരണം നടന്ന ശേഷം 2017ൽ കുട്ടികളുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദർശിച്ച ശേഷമാണ് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ കൂടിയായ വി.എസ്, അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് അന്ന് തുറന്നടിച്ചത്.
നീതികേടു കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും പെൺകുട്ടികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വി.എസ്. അന്ന് പറഞ്ഞിരുന്നു. വി.എസിന്റെ അന്നത്തെ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോൾ വെളിപ്പെടുന്ന കാര്യങ്ങൾ. കേസ് അന്വേഷിച്ച പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
വാളയാർ കേസ്: നീതി കിട്ടാൻ നടപടി
വേണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: വാളയാറിൽ കൊല്ലപ്പെട്ട ബാലികമാരുടെ കുടുംബത്തിന് നീതി കിട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസ് കൈകാര്യം ചെയ്ത പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത്. തെളിവുകൾ ശക്തമായിരുന്നിട്ടും വിചാരണയിൽ അതൊന്നും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ പോയത് വളരെ ദുഃഖകരമാണ്. കേസ് സത്യസന്ധമായി മുന്നോട്ട് കൊണ്ടുപോയ പ്രോസിക്യൂട്ടർ അഡ്വ. ജലജയെ സി.ഡബ്ലിയു.സി ചെയർമാനോ, പാർട്ടിയോ അറിഞ്ഞാണോ മാറ്റിയതെന്ന് വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വാളയാർ സംഭവം സ്വതന്ത്ര ഏജൻസി
അന്വേഷിക്കണം: ചെന്നിത്തല
കണ്ണൂർ: വാളയാറിൽ സഹോദരിമാരായ രണ്ടു കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പ്രതികളെ വെറുതേ വിട്ട നടപടി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ ആവശ്യപ്പെട്ടു. പൊലീസും പ്രോസിക്യൂഷനും പൂർണ പരാജയമാണെന്നും
പ്രതികളെ രക്ഷിക്കാൻ ബോധപൂർവമായ നീക്കമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പുനരന്വേഷണം ആവശ്യമാണ്. പ്രതികൾ രക്ഷപ്പെട്ടതിനു പിന്നിൽ സർക്കാരിന്റെ കരങ്ങൾ ഉണ്ടോയെന്ന് സംശയിക്കുന്നു. ഉത്തരവാദികൾക്കെതിരെ നടപടി വേണം. പ്രതികൾക്ക് ഉയർന്ന ശിക്ഷ ഉണ്ടാകണം
പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അദ്ധ്യക്ഷനാണ് എന്നത് ഞെട്ടിക്കുകയാണ്. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
വാളയാർ കേസ്: വിധിക്കെതിരെ അപ്പീൽ
പോകുമെന്ന് ജനാധിപത്യ മഹിളാ അസോ.
കോഴിക്കോട് : വാളയാർ പീഡനക്കേസ് വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മഹിളാ അസോസിയേഷൻ സെക്രട്ടറി പി. സതീദേവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലുൾപ്പെടുന്ന സ്ത്രീത്തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വവും പെൻഷനും ഉറപ്പാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
വാളയാർ കേസിൽ പൊലീസിന്
ഗുരുതര വീഴ്ചയുണ്ടായി : ആനിരാജ
തിരുവനന്തപുരം:വാളയാർ പീഡനക്കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും സി.പി.ഐ ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസിൽ നിന്നും ഇത്തരത്തിലുള്ള അലംഭാവമുണ്ടാവുന്നത് അംഗീകരിക്കാനാവില്ല. ഇത് സംസ്ഥാനത്തിനേറ്റ കളങ്കമാണ്. മുഖ്യമന്ത്രി ഇടപെട്ട് ഉടൻ നടപടി സ്വീകരിക്കണം.
സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിപ്പിച്ച് നീതി ഉറപ്പാക്കണം. കുറ്റവാളികളെ രക്ഷിക്കുന്നതിന് കൂട്ടുനിന്നത് ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളായാലും നേതൃത്വമായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആനിരാജ ആവശ്യപ്പെട്ടു.
തെളിവ് ലഭിച്ചാൽ വാളയാർ കേസിൽ പുനരന്വേഷണം നടത്തും: മന്ത്രി എ.കെ.ബാലൻ
തിരുവനന്തപുരം: തെളിവ് ലഭിച്ചാൽ വാളയാർ പീഡനക്കേസിൽ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ.ബാലൻ മാദ്ധ്യമ പ്രവർത്തരോട് പറഞ്ഞു. ഡി.ഐ.ജിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും നടപടി. പ്രോസിക്യൂഷന് വീഴ്ച പറ്റിയോ എന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതികളെ വെറുതെവിട്ട നടപടിയിൽ രണ്ടു തലത്തിലുള്ള അന്വേഷണം നടന്നേക്കും. പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡി.ഐ.ജി അന്വേഷിക്കും.ഡി.ഐ.ജിയുടെ റിപ്പോർട്ടിന് ശേഷം ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നടപടി വേണം:
എ.ഐ.വൈ.എഫ്
വാളയാറിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിന്റ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.