തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയിലെ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനം 60 മണിക്കൂർ പിന്നിട്ടു. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണ് നിലവിൽ സമാന്തര കിണർ നിർമ്മാണത്തിന് വെല്ലുവിളിയുയർത്തുന്നത്. പാറയില്ലാത്തിടത്ത് കിണർ കുഴിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കും. രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം തുടരുകയാണ്.
വലിയ കാഠിന്യമേറിയ പാറക്കെട്ടുകൾ കിണർ നിർമ്മാണത്തിന് തടസമായതിനെത്തുടർന്നാണ് ശ്രമം നേരത്തെ നിറുത്തിവച്ചത്. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നതാണ് പ്രതിസന്ധിയുടെ കാരണം. വേഗത്തിൽ കിണർ തുരക്കുന്നതിനായി രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിംഗ് യന്ത്രം ഉപയോഗിച്ചാണ് പ്രവർത്തനം നടന്നത്. അതിനിടെ കിണർ കുഴിക്കുന്നതിനുള്ള യന്ത്രത്തിന് തകരാർസംഭവിച്ചു. ഇത് പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുട്ടി വീണ കിണറിൽ നിന്നും രണ്ടു മീറ്റർ മാറിയാണ് പുതിയ കിണർ കുഴിക്കുന്നത്. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന മറ്റൊരു സ്ഥലം പരിശോധിക്കും.
വെള്ളിയാഴ്ച വൈകീട്ടാണ് കുട്ടിയ്ക്ക് അപകടം സംഭവിക്കുന്നത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണർ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതൽ താഴ്ചയിലേക്ക് വീഴുകയായിരുന്നു.