തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച ദളിത് പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - മാദ്ധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 100 പേർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിറക്കി. കേസിൽ പുനരന്വേഷണം നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
"രണ്ട് ദളിത് പെൺകുട്ടികളുടെ ദാരുണമായ അന്ത്യത്തിൽ പുനരന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയോ സി.ബി.ഐ അന്വേഷണത്തിന് വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഒപ്പം പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ബോധപൂർവ്വം കൂട്ട് നിൽക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു" എന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - മാദ്ധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 100 പേർ ഒപ്പിട്ട സംയുക്ത പ്രസ്താവന
വാളയാർ എന്നത് ഇപ്പോൾ കേരളത്തിന്റെ ഒരതിർത്തി ദേശത്തിന്റെ പേരല്ല. മരവിച്ചുപോയ നമ്മുടെ മനസ്സാക്ഷിയുടെയും തകർന്നുപോയ നമ്മുടെ നിയമപരിപാലന വ്യവസ്ഥയുടെയും പേരാണ്. ജീവിതത്തിന്റെ വളവും തിരിവുകളും എന്താണെന്ന് ചേർത്തുവായിക്കാൻ പോലും കാലം തികയും മുമ്പ് ജീവിതത്തിൽ നിന്ന് നിഷ്കരുണം പുറത്താക്കപ്പെട്ട രണ്ട് പെൺകുഞ്ഞുങ്ങൾ. ദലിതുകളായി ജനിച്ചുപോയതു കൊണ്ട് പുറമ്പോക്കുകളിലേക്ക് എറിയപ്പെട്ട, ഒടുവിൽ ജീവിതത്തിൽനിന്ന് പുറത്തെറിയപ്പെട്ട വാളയാറിലെ ആ രണ്ടു പെൺകുഞ്ഞുങ്ങൾ.. അവർ ആത്മഹത്യ ചെയ്തതല്ലെന്നും അതി ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊല ചെയ്യപ്പെട്ടതാണെന്നും ബോധ്യമായ ശേഷവും പ്രതികൾ ഇപ്പോൾ രക്ഷപ്പെട്ടിരിക്കുന്നു. അതും സ്ത്രീ സുരക്ഷക്കായി പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന ഇൗ സർക്കാറിന്റെ പോലീസ് നടത്തിയ അന്വേഷണത്തിലെ അനാസ്ഥ കൊണ്ടു മാത്രം.
2017 ജനുവരി 13നായിരുന്നു 11 വയസ്സുകാരിയായ മൂത്തകുട്ടിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിനു ശേഷം ഒമ്പതു വയസ്സുകാരി അനിയത്തിയെ ഇതേ രീതിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.രണ്ടുപേരുടെ പോസ്റ്റ്മോർട്ടത്തിലും അതിനിഷ്ഠുരമായ നിലയിൽ ലൈംഗിക പീഡനത്തിനിരയായതായും ബലാൽസംഗത്തിന് ഇരയാക്കപ്പെട്ടുവെന്നും ബോധ്യമായതാണ്. എന്നിട്ടും അതൊരു ആത്മഹത്യയായേ പോലീസിന് തോന്നിയുള്ളു. പിന്നീട് വിവാദമായപ്പോൾ നടന്ന അന്വേഷണത്തിലാണ് മരണത്തിനു പിന്നിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ള അഞ്ചോളം പേരുടെ പങ്കാളിത്തം തിരിച്ചറിയുന്നത്.
തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷിക്കാനായിരുന്നു പോലീസിന് താൽപര്യം. അതുകൊണ്ടാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ചേർത്തല സ്വദേശി പ്രദീപ്കുമാറിനെ ആദ്യം തന്നെ വിട്ടയച്ചത്.ഇപ്പോൾ, മറ്റു പ്രതികളായ എം. മധു, ഷിബു, വി. മധു എന്നിവരെയും പാലക്കാട് പ്രത്യേക പോക്സോ കോടതി വെറുതെ വിട്ടിരിക്കുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയുടെ വിചാരണ ജുവനൈൽ കോർട്ടിൽ നടക്കുകയാണ്. കൃത്യമായ തെളിവില്ല എന്ന കാരണത്താൽ വിടുമ്പോൾ പ്രതിഭാഗം വക്കീലുപോലും പറയുന്നുണ്ട് ‘പോലീസ് സ്വതന്ത്രമായി അന്വേഷിക്കാതിരുന്നതു കൊണ്ടാണ് തെളിവില്ലാതെ പോയത്’ എന്ന്.
സ്വതന്ത്രമായി കേസന്വേഷിക്കുന്നതിൽ നിന്ന് പോലീസിനെ തടഞ്ഞത് ആരാണ്.എന്ന് വ്യതമാക്കേണ്ട ബാധ്യത കേരളത്തിന്റെ ആഭ്യന്തര വകുപ്പിനുണ്ട്.. കേസിൽ ഒരു പ്രതിക്കായി കോടതിയിൽ ഹാജരായ അഭിഭാഷകനെ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ചെയർമാനായി നിയമിച്ചത് വിവാദം വരെയായത് മറക്കരുത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമ കേസുകളിൽ കാലാ കാലങ്ങളായി നിയമസംവിധാനം പുലർത്തുന്ന ബോധപൂർവ്വവും കുറ്റകരവുമായ അനാസ്ഥയും അതു വഴി ഇരയ്ക്കു നേരെ നടക്കുന്ന അനീതിയും ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു എന്നത് അത്യന്തം പ്രതിഷേധാർഹമാണ്. കൊല്ലപ്പെട്ടത് രണ്ട് ദലിത് പെൺകുട്ടികളാണ്.
ഒാരോ ദിവസവും പെൺജീവിതങ്ങൾ ഒട്ടും സുരക്ഷിതമല്ലാതായി തീർന്നുകൊണ്ടിരിക്കുന്നുവെന്ന് വാളയാറിലെ പെൺകുട്ടികളുടെ മരണം വിളിച്ചറിയിക്കുന്നു. മരിച്ചവർക്ക് കിട്ടാവുന്ന നീതി പ്രതികൾക്കുള്ള ശിക്ഷ മാത്രമാണ്. ആ കുഞ്ഞുങ്ങൾക്ക് നീതി കിട്ടിയേ മതിയാകൂ. അതിന് നീതിപൂർവമായ പുനരന്വേഷണമാണ് വേണ്ടത്. ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളും അത് ആവശ്യപ്പെടുന്നു. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത കേരളീത ജനതയുടെ മിനിമം ആവശ്യവും അതാണ്.
വാളയാർ എന്നത് നാം പുലർത്തുന്ന മൗനങ്ങളുടെയും നമ്മുടെ അനീതികളുടെയും വിളിപ്പേരാവരുത്. ഇൗ രണ്ട് ദലിതു പെൺകുട്ടികളുടെ ദാരുണമായ അന്ത്യത്തിൽ പുനരന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയോ സി ബി ഐ അന്വേഷണത്തിന് വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഒപ്പം പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ബോധപൂർവ്വം കൂട്ട് നിൽക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു..
പ്രസ്താവനയിൽ ഒപ്പു വച്ചവർ
രമ്യാ ഹരിദാസ് എം പി, സി പി ജോൺ, കെ ആർ മീര, ഗ്രോ വാസു,കെ അജിത, അഡ്വ മാത്യു കുഴൽ നാടൻ, അഡ്വ ജമീല പ്രകാശം, ഹമീദ് വാണിയമ്പലം, ലതിക സുഭാഷ്, ഭാസുരേന്ദ്ര ബാബു, അഡ്വ കെ പി മറിയുമ്മ, മധുപാൽ, മാലാപാർവ്വതി, കെ എസ് ഹരിഹരൻ, ദീദി ദാമോദരൻ, വി പി സുഹ്‌റ, വിധു വിൻസെന്റ്, ഏലിയാമ്മ വിജയൻ, മേഴ്സി അലക്‌സാണ്ടർ, ഡോ ജെ ദേവിക, ഡോ രേഖരാജ്, ഡോ ടി ടി ശ്രീകുമാർ, ഡോ പി ഗീത, പി സുരേന്ദ്രൻ, സി കെ ജാനു, കെ കെ രമ, ,എൻ പി ചെക്കുട്ടി, എസ് ശാരദക്കുട്ടി, കെ എം ഷാജഹാൻ, വിജി പെൺകുട്ട്, അംബിക, എം ഗീതാനന്ദൻ, ഡോ സി എസ് ചന്ദ്രിക, ശ്രീജ നെയ്യാറ്റിൻകര അഡ്വ പി എ പൗരൻ, പി കൃഷ്ണമ്മാൾ, ഡോ ഹരിപ്രിയ, സി ആർ നീലകണ്ഠൻ, ഗോമതി ഇടുക്കി, കെ കെ ബാബുരാജ് , അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ശീതൾ ശ്യാം, പ്രൊഫ കുസുമം ജോസഫ്, ഇയ്യാച്ചേരി കുഞ്ഞി കൃഷ്ണൻ, സോണിയ ജോർജ്ജ്, വിനീത വിജയൻ, അജയകുമാർ, മൃദുലാ ദേവി, ജോളി ചിറയത്ത്, ഡോ സാംകുട്ടി പട്ടംകരി, ബിന്ദു തങ്കം കല്യാണി, കെ ജി ജഗദീശൻ, സുജ ഭാരതി, ലാലി പി എം, ശ്രീരാമൻ കൊയ്യോൻ, അപർണ്ണ ശിവകാമി, ടി പീറ്റർ, അഡ്വ കെ കെ പ്രീത, ലാസർ ഷൈൻ, ഖദീജ നർഗീസ്, ഷഫീഖ് സുബൈദ ഹക്കിം, അഡ്വ നന്ദിനി, എം ഷാജർഖാൻ, ജബീന ഇർഷാദ്, അഡ്വ ഭദ്രകുമാരി, ഗോപാൽ മേനോൻ, പ്രമീള ഗോവിന്ദ്, ദിനു വെയിൽ, അഡ്വ ഫാത്തിമ തഹ്‌ലിയ, ഒ പി രവീന്ദ്രൻ, അഡ്വ മായാകൃഷ്ണൻ, സുലോചന രാമകൃഷ്ണൻ, ഷമീന ബീഗം, ജെ എസ് അടൂർ, സിന്ധു മരിയ നെപ്പോളിയൻ, റെനി ഐലിൻ, അബ്ദുൾ സത്താർ,തനൂജഭട്ടതിരി, വിളയോടി വേണുഗോപാൽ, സീറ്റാ ദാസൻ, കെ പി പ്രകാശൻ, പ്രീത ജി പി , ബി എസ് ബാബുരാജ്, ഷാന്റോ ലാൽ, ചിന്ത ടി കെ, പ്രശാന്ത് സുബ്രമഹ്ണ്യൻ, ഡോ ജി എസ് ഉഷാ കുമാരി, സി എ അജിതൻ, അൽഫോൺസ ആന്റിൽസ്, മുഹമ്മദ് ഉനൈസ്, മാഗ്ലിൻ പീറ്റർ, ആർ നാരായണൻതമ്പി, വിപിൻ ദാസ്, ഷാജി അപ്പുക്കുട്ടൻ, കെ സി ഉമേഷ് ബാബു, സ്വപ്നേഷ് ബാബു, സ്മിത നെരവത്ത്, പ്രസന്ന ആര്യൻ, ഷജിൽ കുമാർ പി.വിനോദ് കുമാർ രാമന്തളി..