വാഷിംഗ്ടൺ : ഇറാഖിൽ നിന്നും സിറിയ വഴി ലോകത്തെ തിന്മയുടെ കറുപ്പണിയിച്ച് ഭീതിയിലാഴ്ത്തിയ ഐസിസ് തലവന് അർഹിച്ച അന്ത്യം സമ്മാനിച്ച് അമേരിക്ക. അൽഖ്വയിദ തലവൻ ഒസാമ ബിൻലാദനു ശേഷം അമേരിക്കൻ സേനയ്ക്ക് അഭിമാനിക്കാവുന്ന ഭീകര വേട്ടയായി ഐസിസ് തലവനുമായ അബുബക്കർ അൽ ബാഗ്ദാദിയുടെ വധം. മുൻപും പല പ്രാവശ്യം അമേരിക്കയുടെ ആക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇക്കുറി അമേരിക്കൻ പ്രസിഡന്റ് നേരിട്ട് ലോകത്തിനോട് ബാഗ്ദാദിയെ തങ്ങൾ വധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഐസിസ് തലവനെ കൊലപ്പെടുത്താൻ അമേരിക്ക എത്ര കണ്ട് ദാഹിച്ചിരുന്നു എന്ന് വെളിവാക്കുന്ന തരത്തിലാണ് ട്രംപിന്റെ പ്രസ്താവന
ബാഗ്ദാദിയെ വധിക്കുവാൻ രാത്രിയായിരുന്നു അമേരിക്കയുടെ പ്രത്യേക ദൗത്യസേന നടത്തിയ ഓപ്പറേഷൻ. ബിൻ ലാദന്റെ വധം പോലെ തന്നെ ഓപ്പറേഷനിലെ കാഴ്ചകൾ അമേരിക്കൻ പ്രസിഡന്റ് തത്സമയം കണ്ടിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. നിർണായക സൈനിക നീക്കത്തെ ട്രംപ് വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ് ' ഓപ്പറേഷൻ ഞാൻ നേരിൽ കണ്ടു. ഞങ്ങളുടെ വേട്ടപ്പട്ടികൾ അവനെ ഓടിച്ചു. ഭയന്ന് വിറച്ച് ഞരങ്ങിയും നിലവിളിച്ചും അലറിയും പിടിച്ചു നിൽക്കാനാവാതെ ബാഗ്ദാദി മൂന്ന് മക്കളെയും വലിച്ചിഴച്ചുകൊണ്ട് ഒരു തുരങ്കത്തിലേക്ക് ഓടിക്കയറി. പുറത്തേക്ക് മറ്റ് വഴിയില്ലാത്ത തുരങ്കത്തിൽ കുടുങ്ങിയ ഭീകരൻ ചാവേർ ജാക്കറ്റ് പൊട്ടിച്ച് സ്വയം മരിച്ചു. മൂന്ന് മക്കളും കൊല്ലപ്പെട്ടു. മറ്റുള്ളവരെ ഉപദ്രവിച്ച ദ്രോഹി അമേരിക്കൻ സേന ഇരച്ചെത്തിയപ്പോൾ കടുത്ത ഭീതിയിലും വെപ്രാളത്തിലുമാണ് തന്റെ അവസാന നിമിഷങ്ങൾ എണ്ണിയത്. സ്‌ഫോടനത്തിൽ അവന്റെ ശരീരം ചിന്നിച്ചിതറി. തുരങ്കം ഇടിഞ്ഞ് അവന്റെ മുകളിലേക്ക് പതിച്ചു. അവൻ ഒരു ഹീറോയെ പോലെയല്ല മരിച്ചത്. ഒരു ഭീരുവിനെ പോലെ കരഞ്ഞ്, നിലവിളിച്ച്, ഞരങ്ങി, പട്ടിയെ പോലെ ചത്തു. ഈ ലോകം ഇപ്പോൾ കൂടുതൽ സുരക്ഷിതമായിരിക്കുന്നു.' വൈറ്റ് ഹൗസിൽ ട്രംപ് പറഞ്ഞു.
കൊടിയ ഭീകരന് വേണ്ടി വർഷങ്ങൾ നീണ്ട സൈനികവേട്ടയാണ് അമേരിക്ക നടത്തിയിരുന്നത്. 25 ദശലക്ഷം ഡോളർ ഇനാം ഭീകരനുവേണ്ടി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.