എസ്.ഐ. സുകേശ് വന്ന് ടിവിയിൽ തൊട്ടുനോക്കി.
സി.ഐ പറഞ്ഞത് ശരിയാണെന്ന് അയാൾക്കും ബോദ്ധ്യമായി.
ആ സമയം താൻ കണ്ട സാധനം കെയിനിന്റെ അഗ്രം കുത്തി മുകളിലേക്ക് ഉയർത്തുകയായിരുന്നു അലിയാർ...
''അതെന്താ?"
പോലീസുകാരിൽ നിന്ന് ഒരു ശബ്ദമുയർന്നു.
ഒരു കറുത്ത കമ്പിളിയായിരുന്നു അത് !
''ഇത്തരം ഒരെണ്ണം ഇവിടെ വരേണ്ട യാതൊരാവശ്യവുമില്ല."
അലിയാർ മന്ത്രിച്ചു.
പിന്നെ പെട്ടെന്നു അത് അവിടെത്തന്നെയിട്ടു.
''നമുക്കു മടങ്ങാം."
എന്താണ് അലിയാർ അങ്ങനെ പറഞ്ഞതെന്നു വ്യക്തമായില്ല പോലീസ് സംഘത്തിന്.
കോവിലകം പൂട്ടി സീൽ ചെയ്ത് അവർ മടങ്ങി.
ബൊലേറോയിൽ, തന്റെ ബൈക്കു വച്ച മരച്ചുവട്ടിൽ അലിയാർ ഇറങ്ങി.
ക്വാർട്ടേഴ്സിൽ എത്തിയിട്ടും അയാളിലെ അർദ്ധ ശങ്ക മാറിയില്ല. ആ രാത്രി പിന്നീട് അലിയാർക്ക് ഉറങ്ങാൻ കഴിഞ്ഞതുമില്ല.
ഒരുപാട് സംശയങ്ങൾ മനസ്സിൽ ചിതറിക്കിടക്കുന്നു... അവയെ ഒന്നു ചേർത്ത് ക്രമമായി അടുക്കിവയ്ക്കുവാൻ ശ്രമിച്ചു.
കഴിയുന്നില്ല.
ചിലയിടങ്ങളിൽ പൊരുത്തക്കേടുകൾ ഏറെ....
നേരം പുലർന്നയുടൻ അലിയാർ, എസ്.പി ഷാജഹാനു ഫോൺ ചെയ്തു. കേസിനെക്കുറിച്ചു വിശദമായി ചർച്ച ചെയ്തു. ചില തീരുമാനങ്ങളിൽ എത്തുകയും ചെയ്തു.
അന്നത്തെ പത്രങ്ങളിൽ പരുന്ത് റഷീദിന്റെയും മറ്റും അറസ്റ്റും അനുബന്ധ വിവരങ്ങളും ഉണ്ടായിരുന്നു. ചാനലുകാർക്ക് വാർത്ത നൽകിയിരുന്നില്ല അലിയാർ. അത് മനഃപ്പൂർവ്വമായിരുന്നു.
എം.എൽ.എ ശ്രീനിവാസ കിടാവിനു ബന്ധമുള്ള ചില ചാനലുകൾ ഉണ്ട്. അവർ വാർത്ത മുക്കും. അതല്ലെങ്കിൽ അയാളെ വെള്ളപൂശും!
പത്രവാർത്തകളിൽ പരുന്തിന്റെ മൊഴിയുടെ പ്രസക്തഭാഗങ്ങൾ ഉണ്ടായിരുന്നു.
കിടാവിനെ പ്രതിസ്ഥാനത്തു നിർത്തുന്ന ചില വിവരങ്ങൾ.
രാവിലെ 10 മണി
വടക്കേ കോവിലകത്തിനു മുന്നിൽ ഏതാനും പോലീസ് വാഹനങ്ങൾ ബ്രേക്കിട്ടു.
അതിനു പിന്നാലെ ചില മീഡിയക്കാരും വന്നു.
അലിയാർ അടങ്ങുന്ന പോലീസ് സംഘത്തോടൊപ്പം ഡോഗ് സ്ക്വാഡും ഇറങ്ങി.
പോലീസ് നായ ഡോളി ചുറ്റും നോക്കി ഒന്നു കുരച്ചു.
കോവിലകം തുറന്ന് ഡോളിയുമായി അവർ അകത്തു കയറി.
എന്തോ വ്യത്യസ്തമായ ഒരു ഗന്ധം കിട്ടിയതുപോലെ ഡോളി മണം പിടിച്ചു.
ഡോളിയെ തുടലിൽ പിടിച്ചുനിർത്തിയിരിക്കുന്ന സിവിൽ പോലീസ് ഓഫീസർക്ക് അലിയാർ നിർദ്ദേശം നൽകി:
''അതാ... ആ കമ്പിളി. അത് മണപ്പിക്ക് ഡോളിയെ."
പോലീസ് ഡോഗിനെ പിടിച്ചുനിർത്തി, ഗ്ളൗസണിഞ്ഞ കൈ കൊണ്ട് ആ ഓഫീസർ കമ്പിളി ഉയർത്തി.
ഡോളി അതിന്റെ സ്മെല്ല് മനസ്സിലാക്കി. പിന്നെ കുരച്ചുകൊണ്ട് വെട്ടിത്തിരിഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരും മീഡിയക്കാരും വഴിയൊഴിഞ്ഞു.
ഉൾ വരാന്തയിലൂടെ ഓടിയ ഡോളി, പാഞ്ചാലിയുടെ അടഞ്ഞുകിടന്നിരുന്ന മുറിക്കു മുന്നിൽ നിന്നു കുരച്ചു.
''സുകേശേ.."
അലിയാർ വിളിച്ചു.
ആ വിളിയുടെ അർത്ഥം മനസ്സിലാക്കിയ സുകേശ് പാഞ്ചാലിയുടെ മുറി തുറന്നുകൊടുത്തു.
ഡോളി അകത്തു കയറി.
പിന്നെ ഭിത്തിയ്ക്കരുകിൽ ഇരുന്ന അലമാരയിലേക്കു നോക്കി കുര തുടർന്നു.
സുകേശ് ആ തടി അലമാരയും തുറന്നു. അതിൽനിന്നു കുറച്ചു വസ്ത്രങ്ങൾ താഴെ വീണു.
നിറയെ തുണികളല്ലാതെ അതിനുള്ളിൽ ഒന്നും ഉണ്ടായിരുന്നില്ല...
എങ്കിലും ഡോളി അതിലേക്കു കാലുകൾ ഉയർത്തിവച്ച് കുരച്ചുകൊണ്ടിരുന്നു....
അലിയാർ തല കുടഞ്ഞു.
എന്താണിത്?
ദുരൂഹതകൾ ഏറുന്നതല്ലാതെ മറ്റൊന്നും മനസ്സിലാകുന്നില്ല.
തറവാട്ടിൽ നിന്നു കിട്ടിയ ആ കമ്പിളിയുമായാണ് അലിയാർ മടങ്ങിയത്...
അന്നു പിന്നീട് പരുന്തു റഷീദിനെയും മറ്റും കസ്റ്റഡിയിൽ കിട്ടുവാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കേണ്ടത് ഉണ്ടായിരുന്നു...
4 മണി, കരുളായി
സി.ഐ അലിയാരുടെ ബൊലേറോ ബലഭദ്രൻ തമ്പുരാന്റെ വീടിനു മുന്നിൽ നിന്നു.
അയാൾ ഇറങ്ങുമ്പോൾ വാതിൽക്കൽ ബലഭദ്രൻ പ്രത്യക്ഷനായി.
അലിയാരെ സ്വീകരിച്ച് അകത്തിരുത്തി.
''ഞാൻ വന്നത്..."
അലിയാർ തുടങ്ങി:
''വടക്കേ കോവിലകത്തെക്കുറിച്ച് എനിക്ക് ചില കാര്യങ്ങൾ അറിയുവാനുണ്ട്. തമ്പുരാൻ ഒരുപാടുകാലം താമസിച്ചതാണല്ലോ അവിടെ..."
''അതെ."
ബലഭദ്രൻ തലയാട്ടി.
''എന്താണ് സാറിന് അറിയേണ്ടത്?"
''പുറത്തുനിന്ന് രഹസ്യമായി കോവിലകത്തിനുള്ളിൽ പ്രവേശിക്കുവാൻ രഹസ്യ വാതിലുകൾ വല്ലതുമുണ്ടോ?"
''ഉണ്ട്."
തമ്പുരാന്റെ മറുപടി കേട്ടതും ഉടൻ കേസിനു തുമ്പുണ്ടാകും എന്ന് അലിയാർക്കു തോന്നി. വിജയഭാവത്തിൽ അലിയാർ ഒന്നു ചിരിച്ചു.
(തുടരും)