noorin-shereef

മഞ്ചേരി: ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം. മഞ്ചേരിയിലെ ഒരു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. നൂറിൻ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ ആരുടേയോ കൈ തട്ടി നൂറിന്റെ മൂക്കിന് പരിക്കേറ്റു. വേദന കടിച്ചമർത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ജനങ്ങളോട് നൂറിൻ സംസാരിച്ചത്. ഇതുസംബന്ധിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് നൂറിൻ എത്തിയ ഉടൻ ആൾക്കൂട്ടം വാഹനത്തെ വളഞ്ഞു. ആൾക്കൂട്ട ബഹളത്തിനിടെയാണ് മൂക്കിന് ഇടി കിട്ടിയത്. ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ ഉൾവശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിൻ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവർഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിൻ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.

ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടാണ് നൂറിൻ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. താൻ പറയുന്ന് കേൾക്കണമെന്നും കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിൻ ആവശ്യപ്പെട്ടു. താൻ വരുന്ന വഴിക്ക് ആരൊക്കെയോ മൂക്കിന് ഇടിച്ചുവെന്നും അതിന്റെ വേദന സഹിച്ചാണ് ഇവിടെ നിൽക്കുന്നതെന്നും നൂറിൻ പറഞ്ഞു.

വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകർ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലിൽ എത്തി. എന്നാൽ, ആളുകൾ കൂടുതൽ വരട്ടെ എന്നു പറഞ്ഞ് സംഘാടകർ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലിൽ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അവർ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന്‍ മടങ്ങിയത്.