jail-food-

കണ്ണൂർ : ജയിലിൽക്കിടന്ന് ഗോതമ്പുണ്ടയും കഴിച്ച് കമ്പിയെണ്ണിക്കഴിയേണ്ടി വരുമെന്ന ഡയലോഗ് സിനിമയിൽ പോലും ഇനി കേൾക്കാനാവില്ല. കുറ്റകൃത്യങ്ങളിലേർപ്പെട്ട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവർക്ക് മാനസാന്തരമുണ്ടാവാൻ മികച്ച സംവിധാനങ്ങളാണ് ഉടൻ നടപ്പിലാകാൻ പോകുന്നത്. കഴിഞ്ഞദിവസം ജയിൽ ഡി.ജി.പി. ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന ജയിൽ സൂപ്രണ്ടുമാരുടെ യോഗത്തിൽ തടവുകാർക്ക് സന്തോഷവും പൊതുജനത്തിന് ദേഷ്യവും തോന്നിയേക്കാവുന്ന ഒരു പിടി തീരുമാനങ്ങളെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ. ശിക്ഷാ കാലയളവിലെ മാനസിക സംഘർഷം കുറയ്ക്കാൻ ആഴ്ചയിൽ അഞ്ചു ദിവസം യോഗാ പരിശീലനം നൽകി മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ഇതുകൂടാതെ മുന്തിയ ഹോട്ടലുകളിലും, സത്കാര ചടങ്ങുകളിലും മാത്രം കണ്ടു ശീലിച്ച ബുഫെ സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ചയുയർന്നു. തടവുകാർ ഭക്ഷണം അധികം വാങ്ങി പാഴാക്കി കളയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ജയിൽ അധികൃതർ എത്തിയിരിക്കുന്നത്.

തടവുകാരുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്താനായി ജയിലുകളിൽ വോളിബോൾ, ഷട്ടിൽ കോർട്ടുകൾ എന്നിവ നിർമ്മിക്കാനും നീക്കമുണ്ട്. ഇതു കൂടാതെ ജയിലിൽ കോഫിടീ വെൻഡിങ് മെഷീനും സ്ഥാപിക്കും. സി.സി.ടി.വി. സംവിധാനമുൾപ്പടെ അഞ്ചരക്കോടിയുടെ സുരക്ഷാ ഉപകരണങ്ങൾ വാങ്ങുവാനും തീരുമാനമായിട്ടുണ്ട്.