mexico

മെക്സിക്കോ: മെക്സിക്കോ സിറ്റിയിൽ മയക്കുമരുന്ന് കടത്തുകാരുടേതെന്ന് സംശയിക്കുന്ന ഗുഹയിൽ നിന്ന് 40 തിലധികം തലയോട്ടികളും ഒരു ഡസനോളം അസ്ഥികളും ഗർഭപിണ്ഡങ്ങളും റെയ്ഡിൽ പോലീസ് കണ്ടെത്തി.മയക്കുമരുന്ന് കടത്തുകാരാണെന്ന സംശയത്തിന്റെ പേരിൽ 31 പേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അവരിൽ 27 പേരെ വിട്ടയക്കാൻ ജഡ്ജി ഉത്തരവിട്ടു.

തലയോട്ടികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് അറ്റോർണി ജനറലിന്റെ ഓഫീസ് വക്താവ് പറഞ്ഞു.സ്ഥലത്ത് കത്തി, 40 താടിയെല്ലുകൾ, ഗർഭപിണ്ഡം, 30 ഓളം കൈ കാലുകളുടെ എല്ലുകൾ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗർഭപിണ്ഡം മനുഷ്യരുടേതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അനധികൃത വാണിജ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ഇപ്പോൾ തലയോട്ടികൾ കണ്ടെത്തിയ ടെപിറ്റോ. അതേസമയം സംഭവത്തിൽ അറസ്റ്റിലായവരെ മോചിപ്പിച്ചത് സർക്കാരിന് കിട്ടിയ ഒരു തിരിച്ചടിയാണ്.

മെക്സിക്കോ സിറ്റി അറ്റോർണി ജനറൽ ഓഫീസ് പുറത്തുവിട്ട ഒരു ചിത്രത്തിൽ അൾത്താരയ്ക്ക് ചുറ്റും തലയോട്ടി കൂട്ടമായി വച്ചിരിക്കുന്നത് കാണാം. അതിന് പിന്നിൽ ഒരു കുരിശും കൊമ്പുള്ള തടികൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. ബലിപീഠത്തിന്റെ വലതുവശത്ത് ചിഹ്നങ്ങൾ നിറഞ്ഞ ഒരു മതിലും കാണാം.