തിരുവനന്തപുരം: വാളയാറിൽ ലൈംഗിക പീഡനത്തെ തുടർന്ന് എട്ടും പതിനൊന്നും വയസുള്ള രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികളെ രക്ഷപ്പെടുത്തുന്നതിന് ഭരണ പാർട്ടിയിലെ നേതാക്കൾ ശ്രമിച്ചെന്ന് പെൺകുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം. പ്രതികളെ വെറുതെവിടാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് സമൂഹത്തിന് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിതാ വാളയാർ കേസിലെ രാഷ്ട്രീയ ഇടപെടലിൽ സി.പി.എമ്മിനെയും സർക്കാരിനെയും പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്തെത്തിയിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
പാലക്കാട് ജില്ലയിലെ വാളയാർ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടർന്ന് എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു ദളിത് പെൺകുട്ടികൾ 'ആത്മഹത്യ' ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ അതി കഠിനമായി അപലപിക്കുന്നു.
ദരിദ്രരും ദളിതരുമായ പെൺകുട്ടികളെ ഓർത്തു മുതലക്കണ്ണീർ ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പോലീസും പ്രോസിക്യൂട്ടറും വഹിച്ച ചരിത്രപരമായ പങ്കിനെ അഭിവാദ്യം ചെയ്യുന്നു.
വാളയാർ കേസിനെ ചൊല്ലി കേരള സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പാർട്ടി ശത്രുക്കളും ചില ബൂർഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങൾ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ, പട്ടിക ജാതിക്കാർക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സർക്കാരാണ് ഇപ്പോൾ ഈ നാടു ഭരിക്കുന്നത്.