kothamangalam

കൊച്ചി: തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ പളളിയിൽ പ്രവേശനത്തിനായി ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ വൈദികരുടെയും വിശ്വാസികളുടെയും സംഘം എത്തി. എന്നാൽ ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം നടക്കുകയാണ്. പള്ളിക്ക് മുന്നിൽ വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

കോടതി വിധി നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പള്ളിക്ക് മുന്നിൽ തടച്ചുകൂടി നിൽക്കുന്നത് നിയമവിരുദ്ധമാണെന്നും ആർ.ഡി.ഒ മൈക്കിലൂടെ അറിയിപ്പ് നൽകി. പ്രതിഷേധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. കോടതി ഉത്തരവ് നടപ്പാക്കാൻ അനുവദിച്ചില്ലെങ്കിൽ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ആർ.ഡി.ഒ മുന്നറിയിപ്പ് നൽകി.

സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പള്ളിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ എത്തിയിരിക്കുന്നത്. ഒർത്തഡോക്സുകാരെ പ്രവേശിപ്പിക്കാതിരിക്കാൻ രാത്രി തന്നെ യാക്കാബോയ വിഭാഗങ്ങൾ പള്ളിയിൽ തമ്പടിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇരുവിഭാഗങ്ങൾ അടക്കമുള്ളവർ തമ്മിൽ നടന്ന സംഘർഷത്തിൽ റമ്പാനടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു.