സമകാലിക വിഷയങ്ങളിൽ എപ്പോഴും തന്റെ നിലപാടുകൾ പരസ്യമാക്കിയിട്ടുള്ളയാളാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വാളയാറിൽ സഹോദരിമാരായ ബാലികമാർ പീഡിപ്പിക്കപ്പെടുകയും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിലും അതിലെ പ്രതികളെ വെറുതെ വിട്ട വിഷയത്തിലും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിക്കുന്ന പ്രവണതയ്‌ക്കെതിരെയാണ് പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതൊരു ശീലമായി മാറിയെന്നും ഇതാണോ നമ്മൾ ചെയേണ്ടതെന്നും പൃഥ്വിരാജ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'വീണ്ടും ആ സമയം ആഗതമായിരിക്കുകയാണ് സുഹൃത്തുക്കളെ, ഏതാനും ഫോളോവേഴ്സ് കൂടെയുള്ള ഓരോരുത്തർക്കും(ഞാനും അക്കൂട്ടത്തിലുണ്ട്) വികാരഭരിതമായ, മനോഹരമായ വാക്കുകൾ ഉപയോഗിച്ചുള്ള, സോഷ്യൽ മീഡിയ കുറിപ്പ് പോസ്റ്റ് ചെയ്യാനുള്ള സമയം. നീതി നിഷേധിക്കപ്പെട്ട ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെയാണ് നീതി നിഷേധിക്കപ്പെട്ടതെന്നതിനെ കുറിച്ചും, ഒരു സമൂഹമെന്ന നിലയിൽ നമ്മൾ അർഹിക്കുന്ന നീതിയെക്കുറിച്ചും, കൃത്യമായ ചിന്തയിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരു ഹാഷ്ടാഗ് കൊണ്ട് എങ്ങനെ ഒരു പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നതിനെ കുറിച്ചുമുള്ള പോസ്റ്റ്.
എന്നാൽ സത്യത്തിൽ, ഈ സംഭവത്തേക്കാളേറെ ഭയപ്പെടുത്തുന്നത് ഈ പോസ്റ്റുകളിൽ കാണപ്പെടുന്ന ഏകതാനതയാണ്. ഒരു പാറ്റേൺ. ഈ പോസ്റ്റ് എങ്ങനെ എഴുതി തുടങ്ങാമെന്നും, ഈ പ്രശ്നം എങ്ങനെ അവതരിപ്പിക്കാമെന്നും തീവ്രമായ വികാരത്തോടെ പ്രശ്‌നപരിഹാരത്തിന് ആഹ്വനം ചെയ്തുകൊണ്ട് ഈ പോസ്റ്റ് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങൾക്ക് നന്നായി അറിയാം. നിങ്ങൾ ഇക്കാര്യത്തിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയിത്തീർന്നിരിക്കുന്നു. 'അവർ നീതി അർഹിക്കുന്നു'. വാളയാർ പെൺകുട്ടികൾക്ക് നീതി വേണം'. പീഡകർക്ക് ശിക്ഷ നൽകണം.'
കാര്യമായിട്ടാണോ? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? സംവിധാനങ്ങൾക്ക് ഓരോ തവണയും വേണ്ട നടപടി എടുക്കാനായി സോഷ്യൽ മീഡിയ ആൾക്കൂട്ടം മുൻകൈ എടുക്കേണ്ട ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിച്ചേർന്നോ? ഇപ്പോഴും?
അപകടകരമായ വിധത്തിൽ നമ്മൾ കീഴടങ്ങാൻ തയാറായി കഴിഞ്ഞിരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഒരു ജനസമൂഹം അവരുടെ ഘടന നിലനിർത്തുന്ന ഭരണസംവിധാനത്തിലുള്ള പ്രതീക്ഷകൾ വെടിയാൻ തയാറാക്കുമ്പോൾ എല്ലായ്‌പ്പോഴും വിപ്ലവം സംഭവിക്കും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.
പൃഥ്വിരാജ് സുകുമാരൻ. ഒരു പൗരൻ.'