തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും, മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേസ് അട്ടിമറിച്ചെന്ന ആരോപണം ശരിയല്ലെന്നും പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസ് വാദിക്കാൻ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും,പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സി.ബി.ഐ അന്വേഷണം ഇപ്പോൾ തന്നെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.
രണ്ടു പെൺകുട്ടികളെ കൊന്നവർ പാട്ടുംപാടി പുറത്തിറങ്ങി നടന്നതാണോ അന്വേഷണമെന്ന് പ്രതിപക്ഷം ചോദിച്ചു. കേസ് അട്ടിമറിച്ചതാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും പ്രതികളെ പുറത്തിറക്കിയത് അരിവാള്‍ ചുറ്റിക പാര്‍ട്ടിയാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ തന്നെ പറയുന്നെന്നും ഷാഫി പറമ്പിൽ എം.എൽ.എ കുറ്റപ്പെടുത്തി.