’പറക്കും തളിക... ഇത് മനുഷ്യനെ കറക്കും തളിക’ ഈ പാട്ട് ഒരു തവണയെങ്കിലും മൂളാത്ത ഒരു സിനിമാ പ്രേമിയും ഉണ്ടാവില്ല. 2001-ൽ താഹയുടെ സംവിധാനത്തിലൂടെയാണ് ‘ഈ പറക്കും തളിക’ എന്ന ചിത്രം പ്രേഷകർക്കുമുന്നിലെത്തിയത്. മഹേഷ്മിത്ര, ഗോവിന്ദ് പത്മൻ എന്നിവരുടെ കഥയ്ക്കു വി.ആർ ഗോപാലകൃഷ്ണൻ തിരക്കഥ രചിച്ച ഈ സിനിമ തിയറ്ററുകളിൽ പൊട്ടിച്ചിരികൾ തീർത്തു. ഇപ്പോഴും പ്രേക്ഷകർ ഓർത്തു ചിരിക്കുകയും കാത്തിരുന്നു കാണുകയും ചെയ്യുന്ന ഒരു സിനിമയാണ് ‘ഈ പറക്കും തളിക’. ചിത്രത്തിലെ താമരാക്ഷൻ പിള്ള എന്ന ബസും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ‘താമരാക്ഷൻ പിള്ള‘യെ കുറിച്ച് അന്നത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കൗമുദി ടി.വിയിലെ ’ഡ്രീം ഡ്രെെവി’ലൂടെ കാമറാമാൻ സാലു ജോർജ്.
‘പറക്കും തളികയിൽ മെയിൻ ആയിട്ട് വേണ്ടത് ഒരു ബസ് ആയിരുന്നു. അങ്ങനെ കോട്ടയത്ത് നിന്ന് ഒരു ബസ് കിട്ടി. അത് വാങ്ങിച്ച് കാമറയുടെ ക്രെയിൻ വയ്ക്കത്തക്ക രീതിയിൽ പൊളിച്ച് സെറ്റാക്കിയെടുത്തു. എന്നാൽ, ഓരോ ഷോട്ട് എടുക്കുമ്പോഴും ലെെറ്റിംഗിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. ഡ്രെെവറായ അസീസിനോട് വണ്ടി തിരിച്ചിടാനൊക്കെ നിർദേശിക്കും. ഷൂട്ടിംഗിന്റെ ടെൻഷനും പെട്ടെന്ന് സീൻ തീർക്കണമെന്ന ധൃതിയും ഉണ്ടായിരുന്നു. ബസ് തിരിച്ചിടാൻ പറഞ്ഞാൽ അത്ര ഈസിയായ കാര്യമല്ല. അസീസ് ബസ് തിരിക്കുമ്പോൾ മറ്റുള്ളവർ നിർദ്ദേശിക്കും അങ്ങനെയല്ല ഇങ്ങനെയാണെന്ന്. അസീസിന് ആകെ ഭ്രാന്താകുന്ന പോലാകും.
അങ്ങനെയിരിക്കെ ഷൂട്ടിംഗിനിടെ അസീസ് ഒരു ദിവസം എന്നോട് പറഞ്ഞു. സാറെ ഒരു പത്തുമുപ്പത് വർഷമായി ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ശരിക്ക് ഇതിന്റെ ഗിയറേതാ ക്ലച്ച് ഏതാ എന്നറിയാത്ത അവസ്ഥയാണ് സാറെ. ഇപ്പോൾ എനിക്ക് ഈ ബസിന്റെ ഒരു സാധനവും അറിയാൻ പാടില്ലാത്ത അവസ്ഥയായി. ആ പരുവമാക്കിയിട്ടുണ്ട്. അത് അസീസിന്റെ ഒരു വേദനയുടെ ഭാഗമായിരുന്നു. ഞാൻ അസീസിനോട് പറഞ്ഞു. ഇനി ഞങ്ങൾ ചെറുതായി ഡ്രെെവിംഗ് പഠിച്ചോളാം. ഓടിച്ച് നോക്കട്ടെയെന്ന് പറഞ്ഞു.
അതിന് ശേഷം ചെറിയ ഒരു ആംഗിളിൽ മാറ്റിയിടണമെങ്കിൽ ഞാൻ തന്നെ മാറ്റിയിടും. കുറച്ച് കാലം കൊണ്ട് ഞാൻ താമരാക്ഷൻ പിള്ള എന്ന ബസിന്റെ ഡ്രെെവിംഗ് കുറച്ചൊക്കെ ഞാൻ പഠിച്ചു. അസീസ് കുറച്ചൊക്കെ പറഞ്ഞു തന്നു. അങ്ങനെ ഒന്നരമാസത്തെ ഷൂട്ടിംഗിൽ 15 ദിവസത്തോളം ബസ് ഓടിക്കാൻ ഏകദേശം പഠിച്ചു‘.